വള്ളികുന്നം : വിത്തും വിതയും മുതൽ വിളവെടുപ്പുവരെയുള്ള കേരളത്തിലെ കൃഷിരീതികളെപ്പറ്റി പഠിക്കാനും കർഷകരുമായി അറിവുകൾ പങ്കുവയ്ക്കാനും ഹൈദരബാദിൽ നിന്നുള്ള ആറംഗ കൃഷി ശാസ്ത്രജ്ഞരുടെ സംഘം വള്ളികുന്നത്തെത്തി. ഒരുമാസം വള്ളികുന്നത്തെ വിവിധ കൃഷിസ്ഥലങ്ങളും ഫാമുകളും സന്ദർശിക്കുന്ന സംഘം ദേശീയ കാർഷിക ഗവേഷണ മാനേജ്മെന്റ് കൗൺസിലിന് പഠന റിപ്പോർട്ട് നൽകും. രണ്ട് മലയാളികളുൾപ്പെടെ ഫിഷറീസ്, കൃഷി , വെറ്ററിനറി രംഗങ്ങളിലെ രണ്ട് ശാസ്ത്രജ്ഞർ വീതമുള്ള മൂന്ന് ഗ്രൂപ്പുകളായാണ് ഗവേഷണം. വള്ളികുന്നം കൃഷി ഓഫീസർ നിഖിൽ ആർ.പിള്ളയുടെ സഹായം ഇവർക്കുണ്ടാകും.
ആലപ്പുഴയിലെ കൃഷിവിജ്ഞാനകേന്ദ്രയാണ് വള്ളികുന്നത്ത് ഗവേഷണത്തിനുള്ള സൗകര്യങ്ങൾ സജ്ജമാക്കിയത്. കാർഷിക ഗവേഷണ സേവനത്തെക്കുറിച്ചുള്ള ഫൗണ്ടേഷൻ കോഴ്‌സിനായുള്ള ഫീൽഡ് അനുഭവ പരിശീലനമാണ് ലക്ഷ്യം.
മൂന്ന് ഗ്രൂപ്പുകളായി പ്രവർത്തിക്കും
വള്ളികുന്നത്തെ പരമ്പരാഗത കൃഷികളെപ്പറ്റി ഗവേഷണസംഘം പഠിക്കും
നൂതന കൃഷിരീതികൾ, കാർഷിക സാദ്ധ്യതകൾ എന്നിവയും പഠനവിഷയം
കൃഷിയിട സന്ദർശനങ്ങൾ, കർഷക- ജനപ്രതിനിധി കൂടിക്കാഴ്ചകൾ എന്നിവയുമുണ്ടാകും
വള്ളികുന്നത്തെ കാർഷികമേഖല ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടാൻ ഇത് സഹായകമാകും