dhbf-v

മുഹമ്മ: മാരാരിക്കുളം റെയിൽവേ സ്റ്റേഷനിലെ പ്ളാറ്റ് ഫോം കാടുകയറിക്കിടക്കുന്നത് യാത്രക്കാർക്ക് വെല്ലുവിളിയാകുന്നു. കുറ്റിച്ചെടികളും വള്ളിപ്പടർപ്പും മുട്ടിപുല്ലുമാണ് രണ്ടാം നമ്പർ പ്ളാറ്റ് ഫോം കൈയടക്കിയിരിക്കുന്നത്. ഉച്ചകഴിഞ്ഞുള്ള പല ട്രെയിനുകളും രണ്ടാമത്തെ ട്രാക്കിലൂടെയാണ് കടന്നു പോകുന്നത്. അതുകൊണ്ടുതന്നെ യാത്രക്കാരുടെ വലിയ ആശ്രയമാണ് ഈ പ്ളാറ്റ് ഫോം. കാട് വളർന്ന് പാമ്പുകളുടെ വിഹാര കേന്ദ്രം കൂടിയായതോടെ യാത്രക്കാരുടെ ജീവന് തന്നെ ഭീഷണിയായിരിക്കുകയാണ് ഇവിടം. ചേർത്തല റെയിൽവേ സ്റ്റേഷനിൽ വച്ച് ഒരു യാത്രക്കാരന് അണലിയുടെ കടിയേറ്റത് അടുത്തിടെയാണ്. ഇതോടെ മാരാരിക്കുളം റെയിൽവേ സ്റ്റേഷനിലെത്തുന്ന യാത്രക്കാരും ഭീതിയിലാണ്. പ്ളാറ്റ് ഫോമിലെ കാട് എത്രയും വേഗം വെട്ടിത്തെളിക്കണമെന്നതാണ് യാത്രക്കാരുടെ ആവശ്യം.

പാമ്പ് ഭീതിയിൽ യാത്രക്കാർ

 ഏറനാട് എക്‌സ്‌പ്രസിന് ചേർത്തല കഴിഞ്ഞാൽ തുറവൂർ മാത്രമാണ് സ്റ്റോപ്പുള്ളത്. മാരാരിക്കുളത്ത് സ്റ്റോപ്പ് അനുവദിക്കണമെന്നത് യാത്രക്കാരുടെ ഏറക്കാലത്തെ ആവശ്യമാണ്

 ഏറനാടിന് സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെ ആലപ്പുഴ നിന്ന് പുറപ്പെടുന്ന ധൻബാദ് എക്‌സ്‌പ്രസിലെ തിരക്ക് കുറയ്ക്കാൻ സാധിക്കും

 മാരാരിക്കുളം ക്ഷേത്രം, കലവൂർ കൃപാസനം തുടങ്ങിയ ആരാധനായങ്ങളിലേയ്ക്ക് വന്നു പോകുന്നവർക്കും ഏറെ സഹായകമാകുകയും ചെയ്യും

യാത്രക്കാർക്ക് സുരക്ഷിതമായി രണ്ടാം ഫാറ്റ് ഫോമിൽ എത്തിച്ചേരാൻ മേൽപ്പാലം നിർമ്മിക്കണമെന്ന ആവശ്യവും ശക്തമാണ്. സ്റ്റേഷൻ പരിസരത്ത് തെരുവുനായ ശല്യവും രൂക്ഷമാണ്

 പാർക്കിംഗിന് ഫീസ് ഈടാക്കുന്നുണ്ടെങ്കിലും വാഹനങ്ങൾക്ക് യാതൊരു സുരക്ഷയുമില്ലെന്നും പെട്രോൾ ഊറ്റുന്നതും ഹെൽമറ്റും കോട്ടും മോഷ്ടിക്കുന്നതും പതിവാണെന്നും യാത്രക്കാർ പറയുന്നു