ചെറുകോൽ: ആത്മബോധോദയ സംഘത്തിന്റെ പ്രധാനകേന്ദ്രമായ ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ മൂന്നു മാസം കൂടുമ്പോൾ നടത്തപ്പെടുന്ന താരാസ്തുതി മഹായജ്ഞം ഇന്നലെ ആശ്രമാധിപതി ദേവാനന്ദ ഗുരുദേവന്റെ അനുഗ്രഹപ്രഭാഷണത്തോടുകൂടി ആരംഭിച്ചു. പ്രഭാതത്തിൽ ഗുരുപൂജ, ഗുരുദക്ഷിണ, പ്രാർത്ഥന, ആശ്രമപ്രദക്ഷിണം, എതിരേല്പ്, എഴുന്നള്ളത്ത് എന്നിവ നടന്നു. കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും അനേകം ഭക്തജനങ്ങൾ 21 ദിവസത്തെ പരിശുദ്ധ വ്രതത്തോടുകൂടി താരാസ്തുതി യജ്ഞത്തിൽ പങ്കെടുക്കുന്നത്. സർവ്വദോഷശാന്തിക്കും ഈശ്വരാനുഗ്രഹത്തിനുമായി നടത്തപ്പെടുന്ന താരാസ്തുതി ഞായറാഴ്ച വരെ നീണ്ടു നിൽക്കും. ആത്മശുദ്ധീകരണത്തിലൂടെ ആത്മസുഖവും ആനന്ദവും അനുഭവിച്ചറിയുവാനുള്ള മഹാവേദിയാണ് താരാസ്തുതി മഹായജ്ഞം. ഈ മഹായജ്ഞത്തിൽ രാപ്പകൽ നാമസങ്കീർത്തനാലാപവും പ്രാർത്ഥനയും നടക്കും. ഞായറാഴ്ച എതിരേല്പ്, ആശ്രമപ്രദക്ഷിണം, ദീപക്കാഴ്ച, ശംഖനാദം, മണിനാദം, ഓങ്കാരധ്വനി, പുഷ്പാർച്ചന തുടങ്ങിയ ചടങ്ങുകളോടെ സ്തുതി സമാപിക്കുമെന്ന ട്രസ്റ്റ് സെക്രട്ടറി സ്വാമി ഗീതാനന്ദൻ അറിയിച്ചു.