a

മാവേലിക്കര​ : കരാറേറ്റെടുത്ത് മൂന്ന് വർഷം പിന്നിട്ടിട്ടും കൈപ്പള്ളി​ - കുരിശുംമൂട് റോഡ് നിർമ്മാണം പൂർത്തിയാക്കാത്തതിനാൽ നാട്ടുകാർ ദുരിതത്തിൽ. നിർമ്മാണത്തിന്റെ ഭാഗമായി വിരിച്ച മെറ്റൽ ഇളകി ഇതുവഴിയുള്ള യാത്ര ദുരിതപൂർണമായിട്ട് നാളുകളേറെയായി. നിർമ്മാണം പൂർത്തീകരിക്കണമെന്ന് നിരവധി തവണ കരാറുകാരനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

2021 ഒക്ടോബർ 4ന് ഭരണാനുമതി ലഭിച്ച റോഡ് നിർമ്മാണത്തിന്റെ കരാർ 2022 ഏപ്രിലിലാണ് കാസർകോട് സ്വദേശി മുഹമ്മദ് കുഞ്ഞി ഏറ്റെടുത്തത്. ഏറെ പ്രതിഷേധങ്ങൾക്കൊടുവിലാണ് നിർമ്മാണം ആരംഭിച്ചതു തന്നെ. എന്നാൽ, റോഡിന്റെ രണ്ടു കിലോമീറ്ററോളം ഭാഗം ഇനിയും പൂർത്തീകരിക്കാനുണ്ട്.

മാവേലിക്കര ​- കറ്റാനം റോഡിലെ എൻ.എസ്.എസ് എച്ച്.എസ് ജംഗ്ഷനിൽ നിന്നാരംഭിക്കുന്ന റോഡ് വടക്കേമങ്കുഴി, ചെറുകുന്നം, ഉമ്പർനാട് വാർഡുകളിലൂടെ കടന്നു പോയി കറ്റാനം റോഡിൽ തന്നെ കല്ലുമല തെക്കേ ജംഗ്ഷന് സമീപമുള്ള കുരിശുംമൂട്ടിലാണ് അവസാനിക്കുന്നത്.

പരാതിക്ക് ചെവികൊടുക്കാതെ കരാറുകാരൻ

1. നിർമാണത്തിനായി ഇറക്കിയ പകുതിയോളം സാമഗ്രികൾ മാന്നാർ സ്വദേശിയുടെ പ്ലാന്റിലുണ്ടെന്ന് കരാറുകാരൻ പറയുന്നു

2. ഇറക്കിയ സാമഗ്രികളോ ഇവയുടെ മിശ്രിതമോ ലഭിക്കാതെ നിർമ്മാണം പുനരാരംഭിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഇയാൾ

3. മഴയായാൽ റോഡിൽ അപകടം പതിവാണ്. ഇരുചക്ര വാഹനങ്ങളാണ് കൂടുതൽ അപകടഭീഷണി നേരിടുന്നത്

4. വേനലായാൽ പൊടി കാരണവും യാത്ര ദുസ്സഹമാകും. റോഡിന് ഇരുവശത്തുമുള്ള താമസക്കാരും ദുരിതത്തിലാകും

റോഡിന്റെ ദൈർഘ്യം

3.41കി.മീ.

കൈപ്പള്ളിൽ കുരിശുംമൂട് റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കണമെന്നാവശ്യപ്പെട്ട് സമര പരിപാടികൾ സംഘടിപ്പിക്കും. മൂന്നര വർഷത്തിലേറെയായി നാട്ടുകാർ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമുണ്ടാകും വരെ സമരരംഗത്തുണ്ടാകും

- സി.പി.എം തെക്കേക്കര പഞ്ചായത്ത് കമ്മിറ്റി