കുട്ടനാട് : പുളിങ്കുന്നിൽ കഴിഞ്ഞദിവസം 5 വിദ്യാർത്ഥികൾക്ക് തെരുവുനായയുടെ ആക്രമണമേറ്റത്തിനെത്തുടർന്ന് ആരോഗ്യം, മൃഗസംരക്ഷണ വകുപ്പുകളുടെ നേതൃത്വത്തിൽ പ്രതിരോധ നടപടികൾ ഊർജ്ജിതമാക്കി. പഞ്ചായത്തിലെ 15,16 വാർഡുകളിലെ വീടുകൾ കയറി ഇറങ്ങിയുള്ള പ്രവർത്തനങ്ങൾക്ക് പുറമേ പ്രദേശത്ത് മൈക്ക് അനൗൺസ്മെന്റും സ്ക്കൂളുകൾ കേന്ദ്രീകരിച്ച് ബോധവത്ക്കരണ പരിപാടികളും സംഘടിപ്പിച്ചു. കൂടാതെ വെറ്ററിനറി വിഭാഗം ഡോക്ടർമാരുടെ നേതൃത്വത്തിൽ തെരുവ് നായ്ക്കുള്ള വാക്സിനേഷൻ വരുന്ന ശനയാഴ്ചയ്ക്കകം പൂർത്തികരിക്കാനും തീരുമാനമായി .

മങ്കൊമ്പ് അവിട്ടം തിരുനാൾ ഹയർസെക്കൻഡറി സ്ക്കൂൾ , യു പി സ്ക്കൂൾ എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് വിദ്യാർത്ഥികൾക്കായി നടത്തിയ ബോധവത്ക്കരണ പരിപാടിയിൽ മെഡിക്കൽ ഓഫീസർമാർ, വെറ്ററിനറി സർജ്ജൻ,ആരോഗ്യവകുപ്പ് ജീവനക്കാർ എന്നിവർ പങ്കെടുത്തു. രാവിലെ പഞ്ചായത്തിൽ പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് അംഗങ്ങൾക്ക് പുറമെ ആരോഗ്യവകുപ്പ് അധികൃതരും പങ്കെടുത്തു.