കുട്ടനാട് : രാമങ്കരി രണ്ടാംവാർഡിൽ പമ്പാനദിയുടെ തീരത്തോട് ചേർന്ന് വർഷങ്ങളായി കുണ്ടും കുഴിയുമായി കിടന്ന രാമങ്കരി ബോട്ട് ജെട്ടി - മണലാടി റോഡ് നാട്ടുകാർ സഞ്ചാരയോഗ്യമാക്കി.
ചങ്ങനാശ്ശേരി, ചമ്പക്കുളം, പുളിങ്കുന്ന്, തായങ്കരി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നെത്തുന്ന സ്‌കൂൾ ബസുകൾപ്പെട കടന്നുപോകുന്ന റോഡിൽ യാത്ര ദുരിതപൂർണമായിരുന്നു. 2018ലെ പ്രളയത്തിലാണ് മെറ്റലും ടാറിഗും ഇളകി തകർന്ന് തരിപ്പണമായത്. റോഡ് സഞ്ചാരയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്കും മറ്റും നിരവധി നിവേദനങ്ങൾ നല്കിയെങ്കിലും പ്രയോജനമുണ്ടായില്ല.
കണ്ണൊന്ന് തെറ്റിയാൽ എപ്പോൾ വേണമെങ്കിലും റോഡിലെ കുണ്ടിലും കുഴിയിലും പെട്ട് വാഹനങ്ങൾ അപകടത്തിൽപ്പെടാം. ഈ ഘട്ടത്തിലാണ് നാട്ടിലെ ജനകീയ സമിതി ചേർന്ന് ശ്രമദാനമായി റോഡ് നന്നാക്കാൻ രംഗത്ത് എത്തിയത്. പി.എസ്.ബൈജു കാരാഞ്ചേരി, ജോർജ്കുട്ടി കല്ക്കിശ്ശേരി, നരേന്ദ്രൻ, രവി, കെ.എസ് .ജീമോൻ, സാബുജി, ദീപു, രാധാകൃഷ്ണൻ, കെ.എസ്.ബിജു എന്നിവർ നിർമ്മാണത്തിന് നേതൃത്വം നല്കി.
കൽക്കെട്ടിടിഞ്ഞു, അപകടം വിളിപ്പുറത്ത്
അടുത്തിടെ രാമങ്കരി ജെട്ടിക്ക് 100 മീറ്ററോളം പടിഞ്ഞാറോട്ട് മാറി റോഡിന്റെ സംരക്ഷണത്തിനായി കെട്ടിയിരുന്ന കൽക്കെട്ടിന്റെ ഒരു ഭാഗം തകർന്ന് ആറ്റിലേക്ക് പതിച്ചിരുന്നു. ഇതോടെ ഏത് സമയവും വാഹനങ്ങൾ ഇവിടെ അപടത്തിൽപ്പെടാനും ആറ്റിലേക്ക് മറിഞ്ഞ് വൻ ദുരന്തം തന്നെ സംഭവിക്കാനുമുള്ള സാദ്ധ്യതയേറി. അദ്ധ്യയനമുള്ള ദിവസങ്ങളിൽ രാവിലെയും വൈകിട്ടുമായി നിറയെ വിദ്യാർത്ഥികളുമായ് എത്തുന്ന സ്‌ക്കൂൾ ബസ് ഡ്രൈവർമാർ ജീവൻ പണയം വെച്ചാണ് ഇതുവഴി കടന്നുപോകാറുള്ളത്.