ph

കായംകുളം : കായംകുളം താലൂക്ക് ആശുപത്രിയിൽ ഉപയോഗിക്കാതെ തുരുമ്പിച്ച് കിടന്ന ബഗ്ഗി ആംബുലൻസ് ആലപ്പുഴ ജനറൽ ആശുപത്രിയ്ക്ക് കൈമാറി. ആശുപത്രികൾക്ക് മാർക്കിടുന്ന കായകൽപ്പ പദ്ധതിയുടെ പരിശോധനക്ക് വന്നപ്പോൾ മാത്രമാണ് എട്ടുലക്ഷം രൂപ വിലയുള്ള ആംബുലൻസ് കായംകുളം ആശുപത്രിയിൽ ഉപയോഗിച്ചത് .

കേരള ഫീഡ്‌സ് സാമൂഹ്യപ്രതിബദ്ധത പദ്ധതിയുടെ ഭാഗമായി കായംകുളം താലൂക്ക് ആശുപത്രിക്ക് നൽകിയതാണ് ബഗ്ഗി ആംബുലൻസ്. കെട്ടിടനിർമ്മാണം നടക്കുന്നതിനാൽ ഇത് ഇവിടെ ഓടിക്കാൻ പ്രയാസമാണെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഉപയോഗിക്കാതെ കിടന്ന് തുരുമ്പിച്ച് ഇതിന്റെബാറ്ററിയും തകരാറിലായി.

ഇതറിഞ്ഞ് ബഗ്ഗി ആംബുലൻസ് തിരികെ നൽകാൻ കേരള ഫീഡ്‌സ് ആവശ്യപ്പെട്ടതോടെയാണ് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി കൂടി ഇത് ജനറൽ ആശുപത്രിലേക്ക് മാറ്റാൻ തീരുമാനിച്ചത്.

കെട്ടിടം പൂർത്തിയാകുമ്പോൾ തിരികെ എത്തിക്കും

1. കായംകുളം താലൂക്ക് ശുപത്രിയിലെ കെട്ടിട നിർമ്മാണം പൂർത്തിയാകുമ്പോൾ തിരികെ നൽകാമെന്ന ഉറപ്പിലാണ് ജനറൽ ആശുപത്രിക്ക് ആംബുലൻസക കൈമാറിയത്

2. മൂന്ന് വർഷം മുമ്പ് കേരള ഫീഡ്‌സ് എട്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് ആംബുലൻസും മെഡിക്കൽ ഉപകരണങ്ങളും താലൂക്കാശുപത്രിക്ക് കൈമാറിയത്

3. ബാറ്ററിയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ആംബുലൻസിലൂടെ ആശുപത്രിയിലെ ഒരു കെട്ടിടത്തിൽ നിന്ന് മറ്റൊരു കെട്ടിടത്തിലേക്ക് രോഗികൾക്ക് പോകാമായിരുന്നു

4. രോഗികളെ സ്‌കാനിംഗിനും എക്‌സ് റേ എടുക്കുന്നതിനും മറ്റും കൊണ്ടുപോകുന്നതിന് ബഗ്ഗി ആംബുലൻസ് ഏറെ സഹായകരമാകുയിരുന്നു