അമ്പലപ്പുഴ: പുന്നപ്ര ഈരത്തോട് കാടും പോളയും പിടിച്ച് മാലിന്യവാഹിയായും ഇഴ ജന്തുക്കളുടെ താവളമായും മാറിയതോടെ നാട്ടുകാർ ദുരിതത്തിലായി. പോളയും മാലിന്യവും ചീഞ്ഞ് ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ പകർച്ച വ്യാധി ഭീതിയിലുമാണ് നാട്.ദേശീയപാതയിൽ കപ്പക്കടയിൽ നിന്ന് പള്ളാത്തുരുത്തി ആറിന്റെ പൂന്തിരം ഭാഗത്ത് എത്തിച്ചേരുന്ന തോട്, പുന്നപ്ര തെക്ക് - വടക്ക് പഞ്ചായത്തുകളുടെ അതിർത്തിയിലാണ് സ്ഥിതിചെയ്യുന്നത്.
കുട്ടനാട്ടിൽ നിന്നുള്ള കേവുവള്ളങ്ങളിൽ നെല്ല്, തേങ്ങ, കപ്പ ഉൾപ്പടെയുള്ള അവശ്യ വസ്തുക്കൾ ഈ തോട്ടിലൂടെയാണ് പണ്ട് ദേശീയ പാതയിലെത്തിച്ചിരുന്നത്. തീരദേശത്ത് നിന്നുള്ള മീനും കയറ്റിയായിരുന്നു വഞ്ചികളുടെ അന്നത്തെ മടക്കം. കണ്ണീരുപോലെ തെളിമയാർന്ന വെള്ളമായിരുന്നു അന്ന്. ഇത്തരത്തിൽ കച്ചവടത്തിന് ഏറെ സഹായകമായിരുന്നു തോടാണ് ഇന്ന് പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യം നിറഞ്ഞ് നീരൊഴുക്ക് പൂർണ്ണമായും നിലച്ച അവസ്ഥയിലുള്ളത്.
കാടും വ്യക്ഷങ്ങളുടെ ശിഖരങ്ങളും കൊണ്ട് തോട് നിറഞ്ഞു. സമീപവാസികൾക്ക് വിഷ ജീവികളുടെ ശല്യവും രൂക്ഷമാണ്. തോടിന് ഇരുവശങ്ങളിലും സംരക്ഷണ ഭിത്തി നിർമ്മിച്ചെങ്കിലും പല ഭാഗത്തും ഇത് ഇടിഞ്ഞു താഴ്ന്നിരിക്കുകയാണ്. തോട്ടിലെ മാലിന്യം നീക്കി, ആഴം കൂട്ടി വള്ളങ്ങൾക്ക് സഞ്ചരിക്കാവുന്ന തരത്തിലാക്കിയാൽ നാട്ടുകാരുടെ രോഗഭീതി മാറുന്നതിനൊപ്പം പ്രദേശത്തിന് വികസനം സാദ്ധ്യമാകുകയും ചെയ്യും.
ഒഴുക്ക് നിലച്ചതോടെ മലിനജലമാണ് തോട്ടിൽ കെട്ടിക്കിടക്കുന്നത്. ഇത് രോഗ ഭീതി ഉയർത്തുന്നു. തോട്ടിൽ ഇഴജന്തുക്കൾ വീടുകളിലേക്ക് കയറി വരുന്നതിനാൽ പ്രദേശവാസികൾ പേടിയിലാണ്
-എം.ഷൈജു സമീപവാസി.