ആലപ്പുഴ : ഗതാഗതപരിഷ്കാരങ്ങൾക്ക് പിന്നാലെ ഓണത്തിരക്കും തുടങ്ങിയതോടെ നഗരം ആകെ കുരുങ്ങി. ജില്ലാ കോടതി പാലം പൊളിച്ചതിന്റെ ഭാഗമായി ഏർപ്പെടുത്തിയ സമാന്തരസംവിധാനങ്ങളിലെല്ലാം കുരുക്ക് മുറുകി. പ്രസ് ക്ലബിന്റെ വശത്തുകൂടി വൈ.എം.സി.എ ജംഗ്ഷനിലേക്ക് വരുന്ന ഇടുങ്ങിയ വഴിയിൽ നാലുചക്ര വാഹനങ്ങളുടെ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത് നേരിയ ആശ്വാസത്തിന് വഴിയൊരുക്കി. തിരക്കുള്ള സമയങ്ങളിൽ ഇവിടെ ഒരുവശത്തേക്ക് മാത്രം വാഹനങ്ങൾ കടത്തിവിടാനാണ് നിലവിലെ തീരുമാനം.
ഗതാഗതം നിയന്ത്രിക്കാൻ പൊലീസിനെയും നിയോഗിച്ചു. ഈറോഡിൽ ഒരുവാഹനത്തിന് മാത്രം കടന്നുപോകാനുള്ള വീതിയാണുള്ളത്. ഇരുവശങ്ങളിലും നിന്ന് വാഹനങ്ങൾ എത്തുന്നത് വൻഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നു. ഇതിനൊപ്പം സമീപത്തെ സ്കൂളിലേക്ക് കുട്ടികളുമായി രക്ഷിതാക്കൾ വാഹനങ്ങളിൽ എത്തുന്നതിനാൽ രാവിലെയും വൈകിട്ടും തിരക്ക് നിയന്ത്രണാതീതമാണ്.
രാവിലെയും വൈകിട്ടും തിരക്ക് നിയന്ത്രണാതീതം
1. ജില്ലക്കോടതിഭാഗത്തുനിന്ന് തെക്കോട്ടുപോകുന്ന വാഹനങ്ങൾ കോടതിപ്പാലത്തിന് സമീപത്തുനിന്ന് നഗരചത്വരം വഴി ഇടുങ്ങിയ റോഡിലൂടെ മിനിസിവിൽസ്റ്റേഷൻ വഴി കനാലിന് കുറുകെയുള്ള താൽക്കാലിക പാലം കടന്ന് ആലുക്കാസ് ഗ്രൗണ്ടിലെത്തുന്ന ക്രമീകരണം സുഗമമല്ല
2. കോടതിപ്പാലം മുതൽ ഔട്ട് പോസ്റ്റ് ജംഗ്ഷൻവരെ യാത്രദുരിതപൂർണമാണ്. ഇത് പരിഹരിക്കാൻ ഈ റോഡ് ആറുമീറ്റർ വീതിയിൽ ടാറിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞ ദിവസം കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു
3. ഇതിനൊപ്പം ഈ റോഡിലൂടെ സ്വകാര്യബസുകൾക്ക് കടന്നുപോകാൻ സാധിക്കുമോയെന്ന് പരിശോധിക്കാൻ ഉദ്യോഗസ്ഥസംഘത്തെയും നിയോഗിച്ചിട്ടുണ്ട്. നഗരത്തിലെ ഇടറോഡുകളുടെ വീതി താൽക്കാലികമായി കൂട്ടി ഗതാഗതപ്രശ്നം പരിഹരിക്കാൻ കഴിയുമോയെന്നും പരിശോധിക്കും.
ഗതാഗത പരിഷ്കാരം പൂർണ വിജയമല്ല. ബസുകളിൽ യാത്രക്കാർ കുറയുന്നതിനും ധനനഷ്ടത്തിനും നിലവിലെ പരിഷ്കാരം കാരണമായിട്ടുണ്ട്
- പി.ജെ.കുര്യൻ, ജില്ലാ പ്രസിഡന്റ് കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ