ആലപ്പുഴ : നഗരത്തിൽ ഉപയോഗിക്കാത്ത പൊതുടാപ്പുകൾ നീക്കം ചെയ്യാനൊരുങ്ങി നഗരസഭ. ഗാർഹിക കണക്ഷനുകൾ എല്ലാവീടുകളിലും ലഭിച്ചതോടെ പല പൊടുടാപ്പുകളും ഉപയോഗമില്ലാതെ നശിക്കുന്ന അവസ്ഥയിലേക്ക് എത്തിയതോടെയാണ് നടപടി. വിച്ഛേദിക്കേണ്ട കണക്ഷനുകൾ കണ്ടെത്തി ജല അതോറിട്ടിക്ക് പട്ടിക കൈമാറി.
അമൃത്, കിഫ്ബി കുടിവെള്ള കണക്ഷനുകൾ എല്ലാ വീടുകളിലും ലഭ്യമായതോടെയാണ് ഉപയോഗമില്ലാത്ത ടാപ്പുകൾ ഒഴിവാക്കാൻ നഗരസഭ തീരുമാനിച്ചത്. സംയുക്ത പരിശോധനയിലൂടെ അത്യാവശ്യ കണക്ഷനുകൾ നിലനിറുത്തിയ ശേഷമാണ് ബാക്കി ഉള്ളവ ഒഴിവാക്കുന്നത്. നഗരത്തിലെ പൊതു ടാപ്പുകളുടെ വെള്ളക്കരത്തിന്റെ കുടിശിക ഇനത്തിൽ കോടികൾ ഒഴിവാക്കി ജല അതിറിട്ടി ഉത്തരവ് ഇറക്കിയിരുന്നു. കഴിഞ്ഞ 15 വർഷത്തെ കുടിശികയായ 58.78 കോടിയാണ് ഒഴിവാക്കിയത്.
വിച്ഛേദിക്കുന്നതിന് നഗരസഭ വാട്ടർ അതോറിട്ടിക്ക് അടച്ച തുക
₹ 23 ലക്ഷം
അനാവശ്യ ചെലവ് ഒഴിവാക്കാം
ഉപയോഗമില്ലാതെ കിടക്കുന്ന ടാപ്പുകളുടെ ബില്ലും നഗരസഭ ജല അതോറിട്ടിക്ക് നൽകണം
ടാപ്പുകൾ ഒഴിവാക്കുന്നതിലൂടെ ഈ അനാവശ്യ ചെലവ് ഒഴിവാക്കാൻ കഴിയും
ഉപയോഗമില്ലാത്ത പൊതുടാപ്പുകൾ വിച്ഛേദിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു
ടാപ്പുകൾ വിച്ഛേദിക്കുന്നതിന് ജല അതോറിട്ടി ഇനി ടെൻഡർ വിളിക്കും
വീടുകളിലെ സ്വകാര്യ കണക്ഷനുകൾ വർദ്ധിച്ച സാഹചര്യത്തിൽ പല പൊതുടാപ്പുകളും പ്രവർത്തന രഹിതമായത് ചൂണ്ടിക്കാട്ടി നഗരസഭാദ്ധ്യക്ഷ കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ 15 വർഷത്തെ വെള്ളക്കരം കുടിശിക ഒഴിവാക്കി നൽകി
- ജല അതോറിട്ടി അധികൃതർ