ഹരിപ്പാട് : താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റ് ജീവനക്കാരുടെയും ഒഴിവ് നികത്താൻ ആരോഗ്യ വകുപ്പ് തയ്യാറാകണമെന്ന് രമേശ് ചെന്നിത്തല എം.എൽ.എ ആവശ്യപ്പെട്ടു. താലൂക്ക് ആശുപത്രിയുടെയും ഹരിപ്പാട് മണ്ഡലത്തിലെ പി.എച്ച് സെന്ററുകളുടെയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലാണ് എം.എൽ.എ ഇക്കാര്യം ആവശ്യപ്പെട്ടത്.
അത്യാഹിതം , മെഡിസിൻ വിഭാഗത്തിലേക്ക് നഗരസഭ വഴി ഒരു ഡോക്ടറേയും എൻ.എച്ച്.എം വഴി ഒരു ഡോക്ടറേയും നിയമിക്കുവാൻ യോഗം തീരുമാനിച്ചു .ഇതോടെ അത്യാഹിതവിഭാഗത്തിൽ രാത്രികാലത്ത് അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കുവാൻ കഴിയും.
ആറാട്ടുപുഴ പി.എച്ച്.സി യിലെ നിർമ്മാണ പ്രവർത്തനങ്ങൾ 3 മാസത്തിനകം തീർക്കുവാനും തൃക്കുന്നപ്പുഴ സി.എച്ച്.സി യിലെ അപ്ഗ്രഡേഷൻ ജോലികൾ 4 മാസത്തിനുള്ളിൽ തീർക്കാനും പല്ലന ഫിഷറീസ് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ ഒക്ടോബറിൽ പൂർത്തിയാക്കാനും തീരുമാനിച്ചു. മുനിസിപ്പൽ ചെയർമാൻ കെ.കെ രാമകൃഷ്ണൻ, ഡി.എം.ഒഡോ.ജമുന വർഗ്ഗീസ് , ഡോ. അനന്ത് ,ഡോ. കോശി.സി. പണിക്കർ, ഡോ. വിനീഷ് വി, ഡോ .ശ്യാം പ്രസാദ്, പ്രകാശ്.വി, വിവിധ ആരോഗ്യ സ്ഥാപനങ്ങളിലെ മെഡിക്കൽ ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.
സർജറി വാർഡ് പൊളിച്ചുമാറ്റും
താലൂക്ക് ആശുപത്രിയിൽ ലിഫ്റ്റിന്റെ നിർമ്മാണം അടിയന്തരമായി തുടങ്ങുവാൻ നിർവഹണ ഏജൻസിയ്ക്ക് നിർദ്ദേശം നൽകി
സർജറി വാർഡ് പൊളിച്ചു നീക്കം ചെയ്യുന്നതിന് ഉദ്യോഗസ്ഥരെ കൊണ്ട് പരിശോധിപ്പിച്ച് അൺഫിറ്റ് സർട്ടിഫിക്കറ്റ് ലഭ്യമാക്കാൻ തീരുമാനിച്ചു
താലൂക്ക് ആശുപത്രിയിൽ വിശ്രമകേന്ദ്രം ആറു മാസത്തിനുള്ളിൽ പൂർത്തിയാക്കും
ഡയാലിസിസ് യൂണിറ്റിന്റെ നിർമ്മാണം അടിയന്തരമായി തുടങ്ങുവാൻ പി.ഡബ്ല്യൂ.ഡിക്ക് നിർദ്ദേശം നൽകി
ട്രോമ കെയർ യൂണിറ്റിന് അനിയോജ്യമായ സ്ഥലം കണ്ടെത്തുവാനും തീരുമാനമെടുത്തു.