hgfdh

കായംകുളം : കോൺഗ്രസ് - സി.പി.എം. സംഘർഷത്തിനിടെ പൊലീസിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. സി.പി.എം. പ്രവർത്തകനായ പള്ളിക്കൽ മന്നത്ത് വീട്ടിൽ അരവിന്ദ് (24), യൂത്ത് കോൺഗ്രസ് പ്രവർത്തകനായ കായംകുളം പെരിങ്ങാല മുറിയിൽ കൊച്ചാലുംമൂട്ടിൽ പടീറ്റതിൽ അബ്ദുൾ മുഹമ്മദ് ഇബ്നു സീരിൻ (28) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

13ന് വൈകിട്ട് 5.30ഓടെ കായംകുളം ഗവ. ആശുപത്രിക്ക് കിഴക്ക് വശം വെച്ച് സി.പി.എം - കോൺഗ്രസ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ ഇടപെട്ടപ്പോഴാണ് പൊലീസ് ഉദ്യോഗസ്ഥരെ പ്രവർത്തകർ ആക്രമിച്ചത്. രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിയിരുന്നു. സംഘർഷത്തെ തുടർന്ന് സ്ഥലത്ത് പൊലീസ് പിക്കറ്റ് ഏർപ്പെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികൾക്ക് ജാമ്യം അനുവദിച്ചെങ്കിലും യൂത്ത് കോൺഗ്രസ് പ്രവർത്തകനായ മുഹമ്മദ് ഇബ്നുവിന് മതിയായ ജാമ്യക്കാരില്ലാതിരുന്നതിനാൽ കോടതി റിമാന്റ് ചെയ്തു. കേസിലെ മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി കായംകുളം പോലീസ് അറിയിച്ചു..