അമ്പലപ്പുഴ: സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് രാഷ്ട്രപതിയുടെ വായുസേന മെഡലിന് അർഹനായ എസ്.വരുൺകുമാർ ജന്മനാടിന് അഭിമാനമായി. ഉധംപൂർ എയർ ബേസിലെ സ്റ്റേഷൻ മെഡികെയർ സെന്ററിലെ മെഡിക്കൽ അസിസ്റ്റന്റായിരുന്ന എസ്.വരുൺകുമാർ, ഭാര്യ അഞ്ജുവും മകൻ വിഹാനുമൊപ്പം കഴിയവെയാണ് പഹൽഗാം ആക്രമണവും ഇന്ത്യാ -പാക് സംഘർഷവും മൂർച്ഛിച്ചത്. ഇതോടെ, കുടുംബത്തെ നാട്ടിലേക്ക് അയച്ചശേഷം വരുൺ യുദ്ധഭൂമിയിലേക്ക് തിരിച്ചു.
ജമ്മു കാശ്മീരിലെ ഉധം പൂരിലെ ബേസ് ക്യാമ്പിൽ പാക് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ വരുൺകുമാറിന്റെ വലതുകൈ നഷ്ടപ്പെടുകയും ദേഹമാസകലം പരിക്കേൽക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന രാജസ്ഥാൻ സ്വദേശി സർജന്റ് സുരേന്ദ്രകുമാർ മോഗ വീരമൃത്യു വരിക്കുകയും ചെയ്തു. ഉധം പൂരിലെ കമാൻഡോ ആശുപത്രിയിൽ ഗുരുതര പരിക്കുകളോടെ പ്രവേശിപ്പിച്ച വരുൺ ദിവസങ്ങളോളം മരണത്തോട് മല്ലിട്ടു. വലതുകൈ പൂർണമായും തകർന്നിരുന്നതിനാൽ നീക്കം ചെയ്തു. ഏക സഹോദരൻ വിവേക് കുമാറും വരുണിന്റെ ഭാര്യ അഞ്ചുവുമെല്ലാം രണ്ടര മാസത്തിന് ശേഷമാണ് ആശുപത്രിയിലെത്തി കണ്ടത്. പിന്നീട് പൂനയിലെ ആർട്ടിഫിഷ്യൽ ലിംഫ് സെന്ററിൽ വച്ച് കഴിഞ്ഞയാഴ്ചയാണ് കൃത്രിമ കൈവെച്ചു പിടിപ്പിച്ചത്. വരുണിനെ കാണാൻ കഴിഞ്ഞ ദിവസം എയർ ഫോഴ്സ് മേധാവി എയർ മാർഷൽ അമർപ്രീത് സിംഗ് സെന്ററിൽ എത്തിയിരുന്നു. ഇതിന് പിന്നാലെയാണ്
രാജ്യത്തിന് അഭിമാനമായ മെഡൽ പ്രഖ്യാപനമുണ്ടായത്. തുടർന്ന്
രാഷ്ട്രപതിയുടെ മെഡൽ തിളക്കത്തിൽ വരുൺ കുമാർ ഉധംപൂർ എയർ ബേസിൽ തിരികെ ജോയിൻ ചെയ്തു. 2013ലാണ് വരുൺ എയർമാനായി ഇന്ത്യൻ എയർ ഫോഴ്സിന്റെ ഭാഗമായത്. പുന്നപ്ര നോർത്ത് പഞ്ചായത്ത് തെക്കേപുരയ്ക്കൽ ശശിധരന്റെയും പരേതയായ രത്നകുമാരിയുടെയും രണ്ടു മക്കളിൽ മൂത്തവനാണ് വരുൺകുമാർ.