ചെന്നിത്തല : അമരവും ചുണ്ടും പുതുക്കിപ്പണിത് ഏറെ തലയെടുപ്പോടെ ചെന്നിത്തല പള്ളിയോടം തിരുവാറന്മുള യാത്രയ്ക്കായി നാളെ നീരണിയുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നാളെ രാവിലെ 5ന് പള്ളിയോട പുരയിൽ വാലാടത്ത് മഠം കേശവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതി ഹോമം, ദേവിക്ക് നിവേദ്യം എന്നിവയ്ക്ക് ശേഷം 8ന് ചാലാ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ വഴിപാടുകളും കർപ്പൂരാരാധനയും നടത്തി ചിത്രാലയത്തിൽ ഹരിനാരായണൻ വഴിപാടായി നൽകുന്ന എതിരേൽപ്പ് നയമ്പ് സ്വീകരിച്ച് വഞ്ചിപ്പാട്ട്, താലപ്പൊലി, വാദ്യഘോഷത്തോടുകൂടി പള്ളിയോടപ്പുരയിലെത്തി പകൽ 10.20 നും 11.20നും മദ്ധ്യേ പള്ളിയോടം നീരണിയും. തുടർന്ന് ചെറുകോൽ ക്ഷേത്രദർശനം നടത്തും. വിവിധയിടങ്ങളിൽ ഭക്തർ നൽകുന്ന താംബൂലാദിവഴിപാടുകൾ സ്വീകരിച്ച് പള്ളിയോടക്കടവിൽ മടങ്ങിയെത്തും. 24 ന് പള്ളിയോട പ്രതിനിധികളും ചെന്നിത്തല തെക്ക് 93-ാം നമ്പർ എൻ എസ് എസ് കരയോഗം ഭാരവാഹികളും മാവേലിക്കര ശ്രീകൃഷ്‌ണസ്വാമി ദർശനം നടത്തും. വൈകിട്ട് മാവേലിക്കര എൻ.എസ്.എസ് താലൂക്ക് യൂണിയന്റെ നേത്യത്വത്തിലും, വനിതാ സമാജത്തിന്റെയും, സമീപകരയോഗങ്ങളുടെയും നേതൃത്വത്തിലും നൽകുന്ന വഴിപാടുകൾ സ്വീകരിച്ച് പള്ളിയോട കടവിൽ എത്തിച്ചേരും.
സെപ്തംബർ നാലിന് വഞ്ചിപ്പാട്ട് മത്സരം ശ്രീകണ്ഠപുരം ഹോസ്‌പിറ്റൽ എംഡി ഡോ.ആർ.രവിശങ്കർ ഉദ്ഘാടനം ചെയ്യും എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ് ദിപു പടകത്തിൽ അദ്ധ്യക്ഷനാകും. ഏഴിന് സാംസ്ക്കാരിക സമ്മളനം എൻ.എസ്.എസ് മാവേലിക്കര താലൂക്ക് യൂണിയൻ പ്രസിഡൻറ് സുനിൽ ചന്ദ്രൻ ഉദ്ഘാടനം ചെയ്യും മന്ത്രി സജിചെറിയാൻ മുഖ്യ പ്രഭാഷണം നടത്തും , വഞ്ചിപ്പാട്ട് മത്സര വിജയികൾക്കുള്ള അവാർഡ്ദാനം രമേശ് ചെന്നിത്തല എം.എൽ.എയും വിദ്യാഭ്യാസ അവാർഡു ദാനം കൊടിക്കുന്നിൽ സുരേഷ് എം.പിയും നിർവ്വഹിക്കും. എട്ടിന് രാവിലെ 9.30 ന് തിരുവാറൻമുള ജലോത്സവത്തിൽ പങ്കെടുക്കാൻ പള്ളിയോടം പുറപ്പെടും. ചെന്നിത്തല തെക്ക് 9 ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ദീപു പടകത്തിൽ, വൈസ് പ്രസിഡന്റ് വി.ശ്രീനാഥ്, സെക്രട്ടറി കെ. ഗോപാലകൃഷ്ണപിള്ള, ജോയിൻ സെക്രട്ടറി സന്തോഷ് ചാല, പള്ളിയോട പ്രതിനിധിയായ രാഖേഷ് രവീന്ദ്രൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.