tur

തുറവൂർ: ജില്ലയുടെ പക്ഷി വൈവിദ്ധ്യത്തിലേക്ക് ഒരു പുതിയ അംഗം കൂടി . തോട്ടക്കാരൻ തിനക്കുരുവി (Ortolan bunting) എന്ന കുഞ്ഞൻ ദേശാടനപക്ഷിയാണ് കോടംതുരുത്ത് പഞ്ചായത്തിലെ ചങ്ങരം പക്ഷിസങ്കേതത്തിൽ വിരുന്നെത്തിയത് യൂറോപ്പിന്റെ മിക്കഭാഗങ്ങളിലും പശ്ചിമേഷ്യയിലും കാണപ്പെടുന്ന ഇവ ശിശിരകാലത്ത് ആഫ്രിക്കയിലേക്കും മറ്റുമാണ് ദേശാടനം നടത്താറുള്ളത്. ഇവ ഇന്ത്യയിലേക്ക് എത്തുന്നത് വളരെ വിരളമായിട്ടാണ്. മലപ്പുറം ജില്ലയിലെ പൊന്നാനിയിലാണ് കേരളത്തിൽനിന്ന് ഈ പക്ഷിയെ ആദ്യമായി രേഖപ്പെടുത്തിയത്. വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറും കൊച്ചി പള്ളുരുത്തി സ്വദേശിയുമായ കെ.പി.രൂപേഷ് ആണ് പക്ഷിയുടെ ചിത്രം പകർത്തിയത്. അങ്ങാടി ക്കുരുവിയുടെയും ചാരകണ്ഠൻ തിനക്കുരുവിയുടെയും വലിപ്പമുള്ളതാണ് തോട്ടക്കാരൻ തിനക്കുരുവി. അടിസ്ഥാനപരമായി തവിട്ടുനിറമാണ്. കറുപ്പിലും വെളുപ്പിലുമുള്ള വരകളാണ് പ്രത്യേകത. കൊക്കിൽനിന്ന് കണ്ണിന് താഴെക്കൂടി പോവുന്ന മഞ്ഞകലർന്ന വെളുത്ത പട്ടയും മാറിലെയും മുതുകിലെയും കറുത്ത വരകളും ഇവയെ മറ്റ് തിന ക്കുരുവികളിൽനിന്ന് വ്യത്യസ്തമാക്കുന്നു. തോട്ടക്കാരൻ തിനക്കുരുവിയുടെ വരവോടുകൂടി ജില്ലയിൽ മൊത്തം രേഖപ്പെടുത്തിയ പക്ഷികളുടെ എണ്ണം 322 ആയി. ഒപ്പം ചങ്ങരത്തെ മൊത്തം പക്ഷികളുടെ എണ്ണം 219ഉം ആയി.