traffic

ആലപ്പുഴ: ജില്ലാക്കോടതി പാലം നവീകരണത്തോടനുബന്ധിച്ച് നടപ്പാക്കിയ ഗതാഗത പരിഷ്ക്കരണം യാത്രക്കാരെ വലയ്ക്കുന്നു. ഇടുങ്ങിയതും ഉറപ്പില്ലാത്തതുമായ റോഡിലൂടെ വലിയ വാഹനങ്ങൾ ഉൾപ്പടെ കടത്തിവിടാൻ തുടങ്ങിയതോടെ നഗരം കുരുക്കിലായി. എന്നുമാത്രമല്ല,​ ഇട റോഡുകളിൽ പലതും തകർച്ചയിലുമാണ്.

താത്കാലികമായി തുറന്നുകൊടുത്ത നഗരചത്വരം, മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്‌സിന് മുന്നിലൂടെയും പിന്നിലൂടെയുമുള്ള റോഡുകളിലെ ടാറും ഇന്റർലോക്കുമെല്ലാം ഇളകി യാത്ര ഏറെ ദുഷ്കരമാണ്. പാലത്തിന്റെ നിർമ്മാണം പൂ‌ർത്തിയാക്കാൻ രണ്ടുവർഷമെങ്കിലും വേണ്ടി വരും. മഴ വീണ്ടും ശക്തമായതോടെ റോഡ് ഇനിയും മോശമാകാനാണ് സാദ്ധ്യത. ജില്ലാക്കോടതി പാലം പൊളിക്കും മുമ്പ് ഇടറോഡുകൾ അറ്റകുറ്റപ്പണി നടത്തി ബലപ്പെടുത്തണമെന്ന് റെസിഡന്റ്സ് അസോസിയേഷനുകൾ ഉൾപ്പടെ ആവശ്യപ്പെട്ടിട്ടും അധികൃതർ കേട്ടഭാവം നടിച്ചില്ല.

നഗരം ഗതാഗതക്കുരുക്കിൽ

#കല്ലുപാലം മുതൽ ഔട്ട് പോസ്റ്റ് ജംഗ്ഷൻ വരെ വലിയ ഗതാഗതക്കുരുക്കാണ് ഇന്നലെ അനുഭവപ്പെട്ടത്

# ഗതാഗതക്കുരുക്ക് പരിഹരിക്കണമെങ്കിൽ റോഡുകളുടെ അറ്റകുറ്രപ്പണികൾ വേഗത്തിൽ പൂ‌ർത്തിയാക്കേണ്ടതുണ്ട്

# ആലപ്പുഴ-തണ്ണീർമുക്കം റോഡിൽ നിന്ന് നഗരസഭയുടെ നഗരചത്വരം, മിനി സിവിൽസ്റ്റേഷൻ വഴിയുള്ള റോഡിന്റെ ടാറിംഗ്, ഇതുവഴി ബസ് കടന്നുപോകുമോ എന്നുള്ള പരിശോധന, വാഹന ഗതാഗതം സുഗമമാക്കുന്നതിന് ഇട റോഡുകൾ വീതി കൂട്ടുക തുടങ്ങിയവ അനിവാര്യമാണ്

# ഇക്കാര്യങ്ങൾ നടപ്പിലാക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചെങ്കിലും ഇതുവരെ നടപ്പായിട്ടില്ല

നഗരത്തിലെ ഗതാഗത പരിഷ്കാരങ്ങൾ അറിയാതെ എത്തുന്നവർക്കായി നഗരത്തിൽ സൂചന ബോർഡുകൾ സ്ഥാപിക്കണം.തെരുവു വിളക്കുകളും കൂടുതലായി സ്ഥാപിക്കേണ്ടതുണ്ട്

-തോമസ് മത്തായി,​പ്രസിഡന്റ്‌,​ തത്തംപള്ളി റെസി. അസോസിയേഷൻ