മുഹമ്മ : വൈദ്യുതി കണക്ഷനായി പണം ഒടുക്കിയിട്ടും സെക്ഷൻ ഓഫീസുകളിൽ സർവീസ് വയറില്ലാത്തതിനാൽ ഉപയോക്താക്കളുടെ കാത്തിരിപ്പ് നീളുകയാണെന്ന് കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെ.ഇ.ഡബ്ല്യു.എസ്.എ) ജില്ല കമ്മിറ്റി ആരോപിച്ചു. വൈദ്യുതി കമ്പയോ, തൂണോ ആവശ്യമില്ലാത്ത വൈദ്യുതി കണക്ഷനുകൾക്ക് അപേക്ഷാ ഫീസും കരുതൽ നിക്ഷേപവും കണക്ഷന് ചെലവാകുന്ന എസ്റ്റമേറ്റ് തുകയും ഒരുമിച്ച് ഒടുക്കിയാൽ ഇരുപത്തിനാല് മണിക്കൂറിനകം പാക്കേജ് പദ്ധതി പ്രകാരം കണക്ഷൻ നൽകുമെന്ന വൈദ്യുതി ബോർഡിന്റെ വാഗ്ദാനമാണ് ഇതോടെ പാഴായതെന്നും അവർ പറഞ്ഞു.ജില്ല പ്രസിഡന്റ് കെ.ജയദേവൻ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സി.വി രാജു, മുൻ സംസ്ഥാന പ്രസിഡന്റ് വി.സതീശൻ, മുൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.മുജീബ് റഹ്മാൻ, ജില്ലാ സെക്രട്ടറി ആർ.അണ്ണാദുരൈ,ഡേവിഡ് ജോൺ,ആർ.രാജീവ്, ആർ.ജയൻ, പി.വി അജമോൻ,സിബി മാത്യു,ജോളിലൂക്കോസ് എന്നിവർ സംസാരിച്ചു.