ഹരിപ്പാട് : നഗരസഭയുടെ 2025-26 ലെ വാർഷിക പദ്ധതികൾ നടപ്പിലാക്കുവാൻ നഗരസഭ അസിസ്റ്റന്റ് എഞ്ചിനീയർ ടെണ്ടർ നടപടികളിൽ പക്ഷഭേദവും കെടുകാര്യസ്ഥതയും കാട്ടുന്നു എന്നാരോപിച്ചു പാർലമെന്ററി പാർട്ടി ലീഡർ പി.എസ്.നോബിളിന്റെ നേതൃത്വത്തിൽ ബി.ജെ.പി കൗൺസിലർമാർ കൗൺസിൽ ബഹിഷ്കരിച്ചു.
നഗരസഭയിൽ കാലങ്ങളായി നടന്നുവരുന്ന അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും നേർച്ചിത്രമാണ് പ്രൊജക്റ്റ് ലിസ്റ്റെന്ന് കൗൺസിലർമാർ ആരോപിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ പ്രൊജക്റ്റ് ലിസ്റ്റ് കൗൺസിൽ നിരാകരിച്ചു. എല്ലാ വാർഡുകളുടെയും പ്രൊജക്ടുകൾ സമയബന്ധിതമായി പൂർത്തീകരിച്ചു പൂർണ്ണ ലിസ്റ്റ് അവതരിപ്പിച്ചു അംഗീകരിച്ചാൽ മതി എന്ന് തീരുമാനം എടുത്തു.
കാലതാമസം കൂടാതെ നഗരസഭയിലെ എല്ലാ വാർഡുകളിലെയും പ്രൊജക്ടുകൾ ടെൻഡർ ചെയ്യുവാൻ തയ്യാറാക്കിയില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്ന് പി.എസ്.നോബിൾ അറിയിച്ചു.