ആലപ്പുഴ: നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന സ്ത്രീകൾക്ക് സുരക്ഷിത കേന്ദ്രമൊരുക്കാൻ ഷീ ലോഡ്ജുമായി നഗരസഭ എത്തുന്നു. പഴയ കുടുംബശ്രീ കെട്ടിടം ഷീ ലോഡ്ജ് ആക്കുന്ന നഗരസഭയുടെ പദ്ധതി ഉടനാരംഭിക്കും. കുടുംബശ്രീയുമായി ചർച്ച ചെയ്ത ശേഷം തുടർ നടപടികളുമായി മുന്നോട്ട് പോകും. കൈചൂണ്ടിമുക്കിൽ പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ കെട്ടിടമാണ് ഷീ ലോഡ്ജ് ആക്കി മാറ്രുക. ഈ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് നഗരസഭ ആസ്ഥാന മന്ദിരത്തിലേക്ക് മാറ്റിയതോടെയാണ് അടഞ്ഞുകിടക്കുന്ന കെട്ടിടം ഷീ ലോഡ്ജ് ആക്കി മാറ്രാൻ നഗരസഭ തീരുമാനിച്ചത്. പദ്ധതി കഴിഞ്ഞ ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിരുന്നു. 25 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക.ഒറ്റയ്ക്ക് എത്തുന്ന സ്ത്രീകൾക്ക് ഹോട്ടലുകളിൽ മുറി എടുത്ത് താമസിക്കുന്നതിന് മടിയുണ്ടാകും. ഷീ ലോഡ്ജ് ഇതിനെല്ലാം പരിഹാരമാകും. സുരക്ഷിതമായി സ്ത്രീകൾക്ക് അന്തിയുറങ്ങാമെന്നതാണ് പ്രത്യേകത. ജീവനക്കാരെല്ലാം സ്ത്രീകളായിരിക്കും.
...................
ഡോർമെട്രിയും മുറികളും
കെട്ടിടത്തിന്റെ സൗകര്യം കണക്കിലെടുത്ത് ഒരു ഡോർ മെട്രി സംവിധാനവും ആറ് മുറികൾ വരെയും ഒരുക്കുക. കൈചൂണ്ടി മുക്കിൽ നിന്ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് എത്താൻ എളുപ്പവുമാകും. കെ.എസ്.ആർ.ടി.സി ബസ് സ്റ്രാൻഡിലേക്ക് പെട്ടന്ന് എത്താം. റെയിൽവേ സ്റ്റേഷനിലേക്ക് ബസ് സൗകര്യം, വിവിധ ഓഫീസുകളിലേക്ക് എത്തുന്നതിനുള്ള യാത്രാ സൗകര്യം എന്നിവയെല്ലാം ഇവിടെ നിന്ന് ലഭിക്കും.
സ്വകാര്യ ഹോട്ടൽ, ലോഡ്ജ് എന്നിവയെ അപേക്ഷിച്ച കുറഞ്ഞ നിരക്കിൽ മുറികളും ഡോർമെട്രി സംവിധാനവും ലഭിക്കും
ആലപ്പുഴയിലെത്തുന്ന വിദേശികളും സ്വദേശികളുമായ വനിത വിനോദ സഞ്ചാരികൾക്ക് സുരക്ഷിതമായി താമസിക്കാം
പദ്ധതിയിലൂടെ സ്ത്രീകൾക്ക് തൊഴിലവസരം
പദ്ധതിയുടെ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഈ കൗൺസിൽ ഭരണം ഒഴിയുന്നതിന് മുമ്പായി പ്രവർത്തനം ആരംഭിക്കണമെന്നാണ് ലക്ഷ്യം
പി.എസ്.എം. ഹുസൈൻ
വൈസ് ചെയർമാൻ, ആലപ്പുഴ നഗരസഭ