മാന്നാർ : വെള്ളക്കെട്ടിലും ചെളിക്കുണ്ടിലുമായി ദുരിതയാത്രയുമായി മാന്നാർ പഞ്ചായത്ത് മൂന്നാം വാർഡിലെ കടപ്രമഠം മണപ്പുറം നിവാസികൾ. മാന്നാർ - വീയപുരം റോഡിൽ കടപ്രമഠം ജംഗ്ഷനു സമീപത്ത് നിന്നു കിഴക്കോട്ട് കിടക്കുന്ന മണപ്പുറത്ത് റോഡിലാണ് പതിനഞ്ചോളം കുടുംബങ്ങൾ ദുരവസ്ഥ നേരിടുന്നത്. ഇരുചക്രവാഹനങ്ങൾക്ക് മാത്രം കടന്നു പോകാൻ കഴിയുന്ന റോഡാണിത്. വർഷങ്ങൾക്കുമുമ്പ് കോൺക്രീറ്റ് ചെയ്ത രണ്ടര മീറ്റർ വീതിയും ഏകദേശം 300 മീറ്റർ നീളവുമുള്ള റോഡിന്റ് ആദ്യ ഇരുപത് മീറ്ററോളം ഭാഗം ആകെ തകർന്ന നിലയിലാണുള്ളത്. പിന്നീടുള്ള 100 മീറ്ററോളം ഭാഗം ചെളിക്കുണ്ടായി കാൽനട യാത്രക്ക് പോലും കഴിയാത്ത നിലയിലാണ്. ഈ ഭാഗത്ത് റോഡിനോട് ചേർന്നുള്ള കുളം കരകവിഞ്ഞ് ഒഴുകിപ്പോകാൻ മാർഗമില്ലാതെ വെള്ളം റോഡിൽ നിറഞ്ഞ് നിൽക്കുന്നതിനാൽ ചില കുടുംബങ്ങൾക്ക് മറ്റു വഴികളിലൂടെ ചുറ്റിക്കറങ്ങി സഞ്ചരിക്കേണ്ട ഗതികേടിലാണ്.ഗ്രാമപഞ്ചായത്ത് മുതൽ പൊതുമരാമത്ത് മന്ത്രിതലം വരെ പരാതികൾ നൽകിയെങ്കിലും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല. റോഡിൽ നിന്ന് വെള്ളം ഒഴുകിപ്പോകാൻ സമീപത്തുള്ള കുരട്ടിശേരി കോവുമ്പുറം പുഞ്ചയിലേക്ക് ഒരു ഓട നിർമ്മിച്ചാൽ ശാശ്വതമായ പരിഹാരം കണ്ടെത്താൻ കഴിയും. സജി ചെറിയാൻ ആദ്യതവണ എം.എൽ.എ ആയിരുന്നപ്പോൾ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വെള്ളം ഒഴുകിപ്പോകുന്നതിനു ഓട നിർമ്മിക്കുന്നത് ഉൾപ്പടെയുള്ള എസ്റ്റി മേറ്റ് പൊതുമരാമത്ത് ഉദ്യോഗസ്ഥർ തയ്യാറാക്കി സമർപ്പിച്ചെങ്കിലും പരിസരവാസികളുടെ നിസഹകരണം പദ്ധതിക്ക് തടസമാവുകയായിരുന്നു. റോഡിന്റെ കുറച്ച് ഭാഗം നാലാം വാർഡിലും പെട്ടതിനാൽ റോഡ് മുഴുവനായി പുനർനിർമ്മിക്കുന്നതിന് പഞ്ചായത്ത് പദ്ധതിക്കും തടസങ്ങൾ നേരിട്ടു.
...........
#വിഷപ്പാമ്പുകളം രോഗ ഭീതിയും
ഈ റോഡിന്റെഒരു വശത്തുള്ള സ്വകാര്യ വ്യക്തിയുടെ ഭൂമി കാടുപിടിച്ച് കിടക്കുന്നതിനാൽ ഇഴജന്തുക്കളുടെ ശല്യവും കൊതുകു ശല്യവും ഏറെയാണ്.
വെള്ളവും ചെളിയും നിറഞ്ഞ റോഡിന്റെ അരിക് ചേർന്ന് വിഷപ്പാമ്പുകൾ താവളമടിച്ചിരിക്കുന്നതിനാൽ സന്ധ്യ കഴിഞ്ഞ് ഇതുവഴിയുള്ള യാത്ര അപകടകരമാണ്.
റോഡിനോട് ചേർന്നുള്ള കുളം കരകവിഞ്ഞ് വെള്ളം ഒഴുകിപ്പോകാൻ മാർഗ്ഗമില്ലാത്തതിനാൽ മാലിന്യങ്ങൾ അടിഞ്ഞ് കൂടി ദുർഗന്ധവും രോഗാണുക്കളും കാരണം പ്രദേശവാസികൾ ഭീതിയിലാണ്.
"കടപ്രമഠം മണപ്പുറം റോഡിന്റെ പുനർ നിർമ്മാണത്തിന് 11 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചെങ്കിലും ഫണ്ടിന്റെ അപര്യാപ്തത മൂലം പദ്ധതി നീളുകയാണ്
-സെലീന നൗഷാദ്
(വാർഡ് മെമ്പർ, വൈസ് പ്രസിഡന്റ് മാന്നാർ ഗ്രാമ പഞ്ചായത്ത്)