hhj

ഹരിപ്പാട്: കിഡ്നി സംബന്ധമായ അസുഖം മൂലം തിരുവല്ല സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചേപ്പാട് സ്വദേശിയായ രഞ്ജു രാജന് (35) രക്തദാനത്തിന് നാടൊന്നിച്ചു. അടിയന്തരമായി ശരീരത്തിലെ പ്ലാസ്മ മാറ്റുന്ന ആവശ്യത്തിലേക്ക് 30 യൂണിറ്റ് ബ്ലഡാണ് ഡോക്ടർമാർ നിർദ്ദേശിച്ചത്. ചേപ്പാട് കേന്ദ്രമായി പ്രവർത്തിക്കുന്ന രക്തദാന കൂട്ടായ്മയുടെ നേതൃത്വത്തിൽ മുട്ടത്ത് നിന്നും തിരുവല്ല ആശുപത്രിയിലേക്ക് രക്തദാനവുമായി ബന്ധപ്പെട്ട് ഒരു ബസ് നിറച്ച് ആളുകൾ പോയി രക്തം ദാനം ചെയ്തു. ഒരു രോഗിക്ക് വേണ്ടി ഒറ്റ ദിവസം 26 പേരാണ് രക്തം ദാനം ചെയ്തത്. രഞ്ജിത്ത്.കെ ചേപ്പാട് നേതൃത്വം വഹിച്ച ഈ കൂട്ടായ്മയിൽ ഹരിപ്പാട് പ്രദേശമാകെ ഒന്നിച്ചു. പൊതുപ്രവർത്തകരായ ഹരീഷ് ഹരിദാസ്, രാജേഷ് രാമകൃഷ്ണൻ, നൗഷാദ്,രാജീവ് പത്മാകരൻ , രാജേഷ്, എം.കെ.മണികുമാർ, കരാത്തെ മാസ്റ്റർ അനൂപ് തുടങ്ങിയവർ രക്തം ദാനം ചെയ്യുന്നതിനും രക്തദാതാവിനെ കണ്ടെത്തുന്നതിനും നേതൃത്വം നൽകി. ചേപ്പാട് പഞ്ചായത്തിൽ ഒന്നാം വാർഡിൽ രഞ്ജു ഭവനത്തിൽ രഞ്ജു രാജൻ 2019 സെപ്തംബർ മാസം അമ്മ ശുഭയുടെ കിഡ്നി സ്വീകരിച്ച് ശസ്ത്രക്രിയ നടത്തി. 2025 ജൂലായ് 21 ന് ക്രിയാറ്റിൻ ക്രമാതീതമായി കൂടിയതിനെ തുടർന്നാണ് തിരുവല്ല സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരത്തിൽ നിന്ന് വീണ് നട്ടെല്ലിന് ക്ഷതം പറ്റി കിടക്കുന്ന അച്ഛന അമ്മയും ഭാര്യയും മൂന്നു വയസുള്ള പെൺകുഞ്ഞും അടങ്ങുന്നതാണ് രഞ്ജുവിന്റെ കുടുംബം. വസ്തു പണയപ്പെടുത്തി കടബാധ്യതകളുമായി മുന്നോട്ടുള്ള ചികിത്സയ്ക്കായി ബുദ്ധിമുട്ടുകയാണ് ഈ കുടുംബം.