തുറവൂർ: തുറവൂർ - തൈക്കാട്ടുശേരി റോഡിൽ തൈക്കാട്ടുശേരി പാലത്തിനു പടിഞ്ഞാറ് ഭാഗത്ത് വളവിൽ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പിൽ രൂപപ്പെട്ട ചോർച്ച യുദ്ധകാലാടിസ്ഥാനത്തിൽ പരിഹരിച്ചതോടെ 8 പഞ്ചായത്തുകളിലെ ശുദ്ധജല വിതരണം പുനരാരംഭിച്ചു. അറ്റകുറ്റപണികൾ നടക്കുന്നതിനാൽ ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലായി കുടിവെള്ള വിതരണം മുടങ്ങുമെന്നും റോഡിൽ ഗതാഗത തടസം നേരിടുമെന്നും അറിയിച്ചിരുന്ന വാട്ടർ അതോറിട്ടി അധികൃതർ, ശനിയാഴ്ച രാവിലെ തന്നെ പൈപ്പ് പൊട്ടിയ ഭാഗത്തെ അറ്റകുറ്റപ്പണി ആരംഭിക്കുകയും ജോലി പൂർത്തീകരിച്ച് രാത്രി 12 ന് പമ്പിംഗ് പുനരാരംഭിക്കുകയുമായിരുന്നു.ജെ.സി.ബി ഉപയോഗിച്ച് റോഡ് പൊളിച്ചശേഷം ചോർച്ചയുണ്ടായ പൈപ്പിൽ മെക്കാനിക്കൽ ജോയിന്റ് ഉപയോഗിച്ച് കുഴലുകൾ കൂട്ടിയോജിപ്പിച്ചാണ് അറ്റകുറ്റപ്പണി പൂർത്തിയാക്കിയത്. മാക്കേക്കവലയിലെ വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്ന് പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 8 പഞ്ചായത്തുകളിലേക്ക് വെള്ളമെത്തിക്കുന്ന 800 എം. എം വ്യാസമുള്ള പ്രധാന പൈപ്പിലാണ് കഴിഞ്ഞ ദിവസം ഇവിടെ ചോർച്ച കണ്ടെത്തിയത്. ചതുപ്പ് നിലമായ ഈ ഭാഗത്ത് റോഡിനടിയിലൂടെയാണ് പ്രധാന പൈപ്പ് കടന്നുപോകുന്നത്. എലിവേറ്റഡ് ഹൈവേ നിർമ്മാണത്തെ തുടർന്ന് വഴി തിരിച്ചുവിടുന്ന ഭാരവാഹനങ്ങളടക്കം നിരവധി വലിയ വാഹനങ്ങൾ കടന്നു പോകുന്നതിനാൽ പൈപ്പിന് ഉണ്ടാകുന്ന അമിത സമ്മർദ്ദമാണ് പൈപ്പ് പൊട്ടാൻ കാരണമെന്നാണ് അധികൃതർ പറയുന്നത്. ഇതിനുമുമ്പും ഈ ഭാഗത്ത് പൈപ്പ് പൊട്ടലുണ്ടായിട്ടുണ്ട്. റോഡിലെടുത്ത വലിയ കുഴി മണ്ണിട്ട് നികത്തിയെങ്കിലും ചതുപ്പ് ഭാഗമായതിനാൽ വലിയ വാഹനങ്ങൾക്ക് റോഡിൽ ഗതാഗത നിയന്ത്രണം ഉണ്ടാകുമെന്ന് ജല അതോറിട്ടി അധികൃതർ അറിയിച്ചു.