neeraniyal

ചെന്നിത്തല: ആർപ്പുവിളികൾ മുഖരിതമായ ധന്യ മുഹൂർത്തത്തിൽ നാടിനെ ആവേശത്തിലാക്കി ചെന്നിത്തല തെക്ക് 93-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ ഉടമസ്ഥതയിലുള്ള ചെന്നിത്തല പള്ളിയോടം ചെന്നിത്തല വലിയപെരുമ്പുഴ പള്ളിയോടക്കടവിൽ നീരണിഞ്ഞു. അയിരൂർ സന്തോഷ് ആചാരിയുടെ നേതൃത്വത്തിൽ അമരവും ചുണ്ടും പുതുക്കിപ്പണിത പള്ളിയോടം ഇന്നലെ രാവിലെ 5 ന് കേശവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നടന്ന പൂജാദി കർമ്മങ്ങൾക്ക് ശേഷം ചാലാ മഹാദേവ ക്ഷേത്രത്തിൽ നിന്ന് വനിതാ സമാജത്തിന്റേയും കരയോഗ അംഗങ്ങളുടേയും, ബാല സമാജത്തിന്റേയും നേതൃത്വത്തിൽ ഘോഷയാത്രയോടെ പള്ളിയോട മാലിപ്പുരയിൽ എത്തി 10.20നും 11.20 നും മദ്ധ്യേ ശുഭമുഹൂർത്തത്തിൽ നീരണിയൽ ചടങ്ങ് നടന്നു. നീരണിയൽ ചടങ്ങ് മാവേലിക്കര താലൂക്ക് എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് സുനിൽ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് പ്രതിനിധി സഭാംഗം സതീശ് ചെന്നിത്തല, താലൂക്ക് യൂണിയൻ കമ്മറ്റിയംഗം മഹാദേവൻ, മേഖലാ പ്രതിനിധി ചെന്നിത്തല സദാശിവൻ പിള്ള, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ, വാർഡ് മെമ്പർ അഭിലാഷ് തൂമ്പിനാത്ത്, എസ്.എൻ.ഡി.പി മുൻ യൂണിയൻ കൗൺസിലർ മധു.ജി വടശ്ശേരിൽ, പരുത്തിയേത്ത് അനിൽ കുമാർ എന്നിവർ പങ്കെടുത്തു. 93ാം നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് ദിപു പടകത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഗോപാല കൃഷ്ണപിള്ള, ട്രഷറർ കൃഷ്ണകുമാർ, ജോ.സെക്രട്ടറി സന്തോഷ് ചാല , വൈസ് പ്രസിഡന്റ് ശ്രീനാഥ്, പള്ളിയോട പ്രതിനിധികളായ രാകേഷ് മഠത്തിൽ വടക്കേതിൽ, ക്യാപ്റ്റൻ ജയകേഷ്.ജെ, വൈസ് ക്യാപ്റ്റൻമാരായ അതുൽ എം.നായർ, കിരൺ കൃഷ്ണൻ, കരയോഗം കമ്മിറ്റി അംഗങ്ങൾ വനിതാ സമാജ അംഗങ്ങൾ ബാലസമാജ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.