ph

കായംകുളം : കായംകുളം നഗരസഭയിൽ ഹരിതകർമ്മ സേനയുടെ നേതൃത്വത്തിൽ ഇ മാലിന്യശേഖരണം പൂർത്തിയായി. നാല് ടണ്ണോളം ഇ മാലിന്യങ്ങളാണ് നഗരത്തിൽ നിന്ന് ശേഖരിച്ചത്. ഇവ ക്ലീൻ കേരള കമ്പനിക്ക് കൈമാറി.

വീടുകളിൽ നിന്ന് ശേഖരിച്ച മാലിന്യങ്ങൾ സംസ്‌ക്കരണ യൂണീറ്റിൽ എത്തിച്ചശേഷം അവിടെ നിന്ന് ക്ലീൻ കേരള കമ്പനിയുടെ ലോറിയിൽ കയറ്റിവിടുകയായിരുന്നു. മൊബൽ ഫോണുകൾ,ടിവി,മിക്‌സി,ഫാനുകൾ,തേപ്പുപെട്ടി,കമ്പ്യൂട്ടറുകൾ തുടങ്ങിയവയാണ് വീടുകളിൽ നിന്ന് ശേഖരിച്ചത്. ഓരോ സാധനത്തിനും തൂക്കം അനുസരിച്ച് ചെറിയ വിലയും നൽകി. ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എന്നിവയ്ക്ക് ആ 16രൂപ, മിക്സിക്ക് 32രൂപ, സീലിംഗ് ഫാനിന് 41രൂപ, ടേബിൾ ഫാനിന് 30രൂപ, ലാപ്ടോപ്പിന് 104രൂപ, സി.പി.യുവിന് 58രൂപ , മോട്ടോറിന് മോട്ടറിന് 46 രൂപ എന്നിങ്ങനെയാണ് കിലോഗ്രാമിന് വീട്ടുകാർക്ക് വിലയായി നൽകിയത്. 92000ഓളം രൂപയാണ് ഇതിനായി ചെലവഴിച്ചത്. ക്ലീൻ കേരള കമ്പനി ഹരിതകർമ്മസേനയ്ക്ക് ഈ തുക കൈമാറും. നഗരസഭപരിധിയിൽ പഴയ ടിവികളാണ് ഏറ്റവും കൂടുതൽ ശേഖരിച്ചത്. എൽ.ഇ.ഡി ടിവികളും ഫാനുകളും തേപ്പുപെട്ടി, മിക്‌സി എന്നിവയും കൂടുതലായി ലഭിച്ചു.

ശേഖരിച്ചത് 4 ടൺ

 ഇ മാലിന്യങ്ങൾ ചെറിയ ഒരു തുക നൽകി ശേഖരിക്കുന്നതിനാൽ വീട്ടുകാർ സഹകരിക്കുന്നുണ്ടെന്ന് ഹരിതകർമ്മ സേനാംഗങ്ങൾ

 മാലിന്യമുക്തം രോഗമുക്തം ക്യാമ്പെയിനിന്റെ ഭാഗമായാണ് നഗരസഭയിൽ ഇ മാലിന്യശേഖരണം നടത്തിയത്

 ഇതിലൂടെ നഗരത്തിൽ ഇലക്ട്രോണിക്‌സ് മാലിന്യങ്ങൾ ഉപേക്ഷിക്കുന്നതിന് പരിഹാരം കാണാൻ കഴിയും

 ഇലക്ടോണിക്‌സ് മാലിന്യങ്ങൾ തൂക്കിനോക്കി അതിന്റെ അടിസ്ഥാനത്തിലാണ് വീട്ടുകാർക്ക് വില നൽകുന്നത്

എല്ലാവർഷവും ഇത്തരത്തിൽ വീടുകളിൽ നിന്ന് ഇലക്ട്രോണിക്‌സ് മാലിന്യം ശേഖരിച്ച് ക്ലീൻ കേരള കമ്പനിക്ക് നൽകും

- നഗരസഭാധികൃതർ