കുട്ടനാട്: പ്രസവത്തെ തുടർന്ന് മകളും കുഞ്ഞും മരിക്കാനിടയായ സംഭവത്തിൽ നഷ്ടപരിഹാരം തേടിയുള്ള പിതാവ് കൈനകരി കുട്ടമംഗലം കായിത്തറ അജിമോന്റെ (50) പോരാട്ടത്തിന് മൂന്ന് വർഷമാകുന്നു. പ്രിയപ്പെട്ടവരുടെ വേർപാടോടെ തകർന്നുപോയ അജിമോൻ അർബുദം കൂടി പിടിപെട്ടതോടെ ദിവസജോലിക്ക് പോലും പോകാൻ കഴിയാത്തവിധം ആകെ അവശനായി. നഷ്ടപരിഹാരത്തിനായി കയറിയിറങ്ങാത്ത ഓഫീസും മുട്ടാത്ത വാതിലുകളുമില്ല.
2022 ഡിസംബറിൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട അജിമോന്റെ മകൾ അപർണ്ണ (21) ഒരു പെൺകുഞ്ഞിന് ജന്മം നല്കിയെങ്കിലും കുഞ്ഞും അടുത്ത ദിവസം പുലർച്ചെ അമ്മയും മരിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇരുവരും മരിക്കാനിടയാക്കിയത് ചികിത്സാപ്പിഴവാണെന്ന ഉറച്ച നിലപാടിലാണ് കുടുംബം. 2021ൽ കുട്ടമംഗലം സ്വദേശിയായ രാംജിത്തുമായിട്ടായിരുന്നു അപർണ്ണയുടെ വിവാഹം. മകളുടെയും കുഞ്ഞിന്റെയും മരണത്തിന് ഉത്തരവാദികളായവർക്ക് ഉചിതമായ ശിക്ഷ നല്കണമെന്നാവശ്യപ്പെട്ട് പുന്നപ്ര പൊലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് വിവിധ ഓഫീസുകളിൽ പരാതി നല്കിയെങ്കിലും പ്രയോജനം ഉണ്ടായില്ല.
താലൂക്കിലേക്ക് കൈമാറി, പിന്നെ വിവരമില്ല
2023ൽ നെടുമുടിയിൽ നടന്ന മുഖ്യമന്ത്രിയുടെ നവകേരള സദസിലും പരാതി നല്കി. പിന്നീട് ഈ അപേക്ഷ (ജി 1250700084 ഡോക്കറ്റ് നമ്പർ) ആലപ്പുഴ ജില്ലാകളക്ടറുടെ പരിഗണനയ്ക്കും തുടർന്ന് കുട്ടനാട് താലൂക്ക് ഓഫീസിലേക്കും കൈമാറിയെങ്കിലും പിന്നീട് ഒരു അറിപ്പുമുണ്ടായില്ല. പലപ്രാവശ്യം അജിമോൻ ഇവിടെ കയറിയിറങ്ങിയെങ്കിലും കൃത്യമായൊരു മറുപടി ആരിൽ നിന്നും കിട്ടിയില്ല. അർബുദത്താൽ ദുരിതത്തിലായ അജിമോന്റെ ജീവൻ നിലനിർത്തണമെങ്കിൽ മജ്ജ മാറ്റിവയ്ക്കണമെന്നാണ് ഡോക്ടർമാർ പറയുന്നത്. തന്റെ കണ്ണടയും മുമ്പ് മകളുടെയും കുഞ്ഞിന്റെയും മരണത്തിൽ നീതികിട്ടണമെന്ന ആഗ്രഹത്തിലാണ് ഈ പിതാവ് ഓരോദിവസവും തള്ളിനീക്കുന്നത്.