മാവേലിക്കര : വേളാങ്കണ്ണി പള്ളിപ്പെരുന്നാളിനോടനുബന്ധിച്ച് ദക്ഷിണ റെയിൽവേ 2 പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. എറണാകുളം–പുനലൂർ വഴിയും തിരുവനന്തപുരം–നാഗർകോവിൽ വഴിയുമാണ് ട്രെയിനുകൾ. മുൻകാലങ്ങളിൽ പുനലൂർ വഴിയുള്ള ട്രെയിനുകൾ മാത്രമേ ലഭ്യമായിരുന്നുള്ളൂ. എന്നാൽ തെക്കൻ കേരളത്തിലെ തീർത്ഥാടകർക്ക് വേളാങ്കണ്ണിയിലേക്ക് കൂടുതൽ സൗകര്യപ്രദമായി യാത്ര ചെയ്യുന്നതിനായി തിരുവനന്തപുരം ഭാഗത്തുനിന്നും പ്രത്യേക സർവീസ് ആരംഭിക്കണമെന്ന് എം.പി നേരിട്ട് റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.

എറണാകുളത്തു നിന്നും രാത്രി 11.55ന് പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം ഉച്ചകഴിഞ്ഞ് 3.15ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. ആഗസ്റ്റ് 27, സെപ്റ്റംബർ 3, 10 എന്നീ തീയതികളിലാണ് എറണാകുളത്തു നിന്നുള്ള സർവീസ്. തിരിച്ചുള്ള യാത്ര വേളാങ്കണ്ണിയിൽ നിന്ന് ആഗസ്റ്റ് 28, സെപ്റ്റംബർ 4, 11 തീയതികളിൽ പകൽ 11.55ന് ആരംഭിക്കും. എ.സി ഉൾപ്പെടെ 18 കോച്ചുകളാണ് ഈ ട്രെയിനിൽ ഉണ്ടാവുക. മാവേലിക്കര മണ്ഡലത്തിലെ ചങ്ങനാശ്ശേരി, ചെങ്ങന്നൂർ, മാവേലിക്കര, ശാസ്താംകോട്ട, കൊട്ടാരക്കര, ആവണീശ്വരം എന്നീ സ്റ്റേഷനുകളിൽ ട്രെയിൻ നിർത്തും.

തിരുവനന്തപുരം സെൻട്രലിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.15ന് പുറപ്പെടുന്ന ട്രെയിൻ പുലർച്ചെ 3.55ന് വേളാങ്കണ്ണിയിൽ എത്തിച്ചേരും. ആഗസ്റ്റ് 27, സെപ്റ്റംബർ 3 എന്നീ തീയതികളിലാണ് സർവീസ്. വേളാങ്കണ്ണിയിൽ നിന്ന് രാത്രി 7.30ന് പുറപ്പെടുന്ന തിരിച്ചുള്ള സർവീസ് ആഗസ്റ്റ് 28, സെപ്റ്റംബർ 4 എന്നീ തീയതികളിൽ ഉണ്ടായിരിക്കും.