ആലപ്പുഴ : പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ചതിന്റെ പണം കിട്ടാക്കടമായി തുടരവേ ഈ സീസണിൽ കീടനാശിനി, വള പ്രയോഗങ്ങൾക്ക് പണമില്ലാതെ കുട്ടനാട്ടിൽ കർഷകർ ദുരിതത്തിൽ. മുൻവർഷങ്ങളേക്കാൾ ഒരുമാസത്തോളം വൈകി ആരംഭിച്ച രണ്ടാംകൃഷിയുടെ നെല്ല് ഇരുപത് ദിവസത്തിലധികം പ്രായമായതോടെ ഒന്നാം ഘട്ട വളപ്രയോഗത്തിന് സമയമായി.

ഫാക്ടംഫോസ്, പൊട്ടാഷ് , യൂറിയ എന്നിവയാണ് പ്രയോഗിക്കേണ്ടത്. ഫാക്ടംഫോസിന് ചാക്കൊന്നിന് 150 രൂപയും പൊട്ടാഷിന് 250 രൂപയും കഴിഞ്ഞ സീസണേക്കാൾ കൂടി. ഒരു ഏക്കറിൽ വളപ്രയോഗത്തിന് ആയിരം രൂപ കൂലി ഉൾപ്പെടെ 4000 രൂപയാണ് ഇപ്പോഴത്തെ ചെലവ്.

ചില പാടങ്ങളിൽ കരിഞ്ചാഴിക്കെതിരെ കീടനാശിനി പ്രയോഗം നടത്തേണ്ടതുണ്ട്. കീട നിരീക്ഷണ കേന്ദ്രം കീടനിവാരണത്തിനുള്ള നിർദ്ദേശങ്ങൾ കൃഷിഭവൻ മുഖേനയും കാർഷിക ഗ്രൂപ്പുകളിലും നൽകുന്നുണ്ടെങ്കിലും കീടനാശിനികൾക്കെല്ലാം തീവിലയാണെന്നതാണ് കർഷകന് മുന്നിലെ വെല്ലുവിളി. ഒരേക്കറിൽ കീടനാശിനി പ്രയോഗിക്കാൻ വിലയുൾപ്പെടെ കുറഞ്ഞത് 7000 രൂപയെങ്കിലും വേണം. 12 ലിറ്ററുള്ള ഒരു പമ്പ് കീടനാശിനി സ്പ്രേ ചെയ്യുന്നതിന് 150 രൂപയാണ് കൂലി. ഒരു ഏക്കറിൽ 7പമ്പെങ്കിലും വേണ്ടിവരും. കമ്പനി വ്യത്യാസമനുസരിച്ച് കീടനാശിനിയുടെ വിലയും വ്യത്യസ്തമാണ്.

ഓണത്തിനും നെൽവില കിട്ടില്ല

1.നെൽവിലവിതരണത്തിൽ കേന്ദ്രവിഹിതം ലഭിക്കാത്തതാണ് പ്രശ്നമെന്ന് മന്ത്രി വെളിപ്പെടുത്തിയിരിക്കെ ഓണത്തിനുപോലും നെല്ലിന്റെ വില ലഭിക്കുമെന്ന് ഉറപ്പില്ലാതായി

2. നെല്ലിന്റെ പണം കിട്ടാത്ത സ്ഥിതിയ്ക്ക് കീടനാശിനിയ്ക്കും വളത്തിനും എവിടെ നിന്ന് പണം കണ്ടെത്തുമെന്ന് ഒരു പിടിയുമില്ലാത്ത അവസ്ഥയിലാണ് കർഷകർ

3. ഓണം കഴിയുന്നതിന് പിന്നാലെ 40 ാം ദിവത്തെ വളപ്രയോഗത്തിനും ഇതിന് പിന്നാലെ 60 ാം ദിവസത്തെ വളപ്രയോഗത്തിനും പണം കണ്ടെത്തേണ്ടതുണ്ട്

4. ഇലകരിച്ചിൽ രോഗവും ചില പാടങ്ങളിൽ കണ്ടുവരുന്നുണ്ട്. ഇതിനും രാസകീടനാശിനി പ്രയോഗിക്കേണ്ടതായുണ്ട്.

ഒരു ഏക്കറി​ൽ

കീടനാശി​നി​ പ്രയോഗത്തി​ന് ചെലവ്

₹7000

വളപ്രയോഗത്തിന്

₹4000

കുട്ടനാട്ടിലെ കർഷകരുടെ സ്ഥിതി പരമദയനീയമാണ്. നെല്ല് സംഭരിച്ചതിന്റെ കണക്ക് യഥാസമയം നൽകാത്തതാണ് കേന്ദ്രത്തിൽ നിന്നുള്ള പണം വൈകാൻ കാരണം. വളം- കീടനാശിനി പ്രയോഗങ്ങൾക്ക് പണമില്ലാത്ത സ്ഥിതിയാണ്. ഉദ്യോഗസ്ഥരുടെയും സംസ്ഥാന സർക്കാരിന്റെയും കെടുകാര്യസ്ഥതക്കെതിരെ സമരം ശക്തമാക്കാനാണ് ആലോചന

- ലാലിച്ചൻ പള്ളിവാതുക്കൽ, നെൽകർഷക സംരക്ഷണ സമിതി