ആലപ്പുഴ: കേരളത്തിന്റെ ആവേശമായ നെഹ്രുട്രോഫി വളളംകളിയും തൊട്ടുപിന്നാലെ ഓണവും എത്തുന്നതോടെ ആലപ്പുഴ നഗരം കൂടുതൽ തിരക്കിലാകും. കോടതിപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണങ്ങളും ക്രമീകരണങ്ങളും കാരണം നഗരം ഇപ്പോൾ തന്നെ വലിയ കുരുക്കിലാണ്. 30നാണ് വള്ളംകളി. പിന്നാലെ ഓണാഘോഷവും കൂടിയാകുമ്പോൾ അത് ഇരട്ടിയാകും. വള്ളംകളി ആസ്വദിക്കാൻ വിദേശ സഞ്ചാരികളുൾപ്പെടെയുള്ളവർ ആലപ്പുഴയിലേക്ക് ഒഴുകിയെത്തുമെന്നിരിക്കെ ഔട്ട് പോസ്റ്റ്- പുന്നമട റോഡിലാകും ഏറ്റവും വലിയ തിരക്ക് അനുഭവപ്പെടുക. ഇക്കാര്യങ്ങൾ മുന്നിൽ കണ്ട്
നിയന്ത്രണങ്ങളിൽ മാറ്റങ്ങളും ഇളവുകളും വരുത്തി ഗതാഗതകുരുക്ക് ഒഴിവാക്കാനുള്ള നടപടികളിലാണ് പൊലീസ്. ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, കെ.ആർ.എഫ്.ബി - നഗരസഭ ഉദ്യോഗസ്ഥർ, വ്യാപാരി -വ്യവസായി പ്രതിനിധികൾ, സ്വകാര്യ ബസുടമകൾ എന്നിവരുടെ യോഗം വിളിച്ചുകൂട്ടിയശേഷം ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനം കൈക്കാെള്ളാനാണ് നീക്കം.
നടപടി നിർദ്ദേശങ്ങളുമായി പൊലീസ്
1.പുന്നമട ഭാഗത്തെ ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും പാർക്കിംഗുകളെല്ലാം മുൻകൂട്ടി ബുക്ക് ചെയ്യുമെന്നിരിക്കെ വള്ളം കളികാണാനെത്തുന്നവരുടെ വാഹനങ്ങൾക്ക് ബീച്ചിൽ പാർക്കിംഗ് സജ്ജീകരിക്കാനാണ് ആലോചന. പുന്നമട റോഡും ഔട്ട് പോസ്റ്റിൽ നിന്ന് സിവിൽ സ്റ്റേഷൻ വഴി എസ്.ഡി.വി സ്കൂളിന് സമീപത്തേക്കുള്ള റോഡും ഗതാഗത യോഗ്യമാക്കും
2.വള്ളംകളി മുതൽ ഓണാഘോഷം തീരുന്നതുവരെ കോടതിപ്പാലത്തിന്റെ തെക്കേക്കരയിലെ റോഡ് വൈ.എം.സി.എ മുതൽ ഔട്ട് പോസ്റ്റ് വരെ ബാരിക്കേഡുകൾ അൽപ്പംകൂടി നീക്കിയും കുഴികളടച്ചും കാറുകളുൾപ്പെടെയുള്ള ചെറുവാഹനങ്ങൾക്ക് സഞ്ചായോഗ്യമാക്കണമെന്ന് ട്രാഫിക് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്
3.ആലപ്പുഴ വഴി എറണാകുളം, തിരുവനന്തപുരം ഭാഗങ്ങളിലേക്ക് പോകുന്ന കെ.എസ്.ആർ.ടി.സിയുടെ ദീർഘദൂര സർവീസുകൾ ഡിപ്പോയിലേക്ക് പോകുന്നതിന് പകരം വൈ.എം.സി.എ വഴി സ്വകാര്യ ബസ് സ്റ്റാന്റ് വഴി പോകണമെന്ന നിർദേശവുമുണ്ട്. ട്രാൻ. ബസ് സ്റ്റാൻഡിൽ നിന്ന് ചുങ്കം വഴി കല്ലുപാലത്തിലുള്ള ഗതാഗത തിരക്ക് കുറയ്ക്കാൻ ഇത് ഉപകരിക്കും
4. പിച്ചുഅയ്യർ, മുല്ലയ്ക്കൽ, പഴവങ്ങാടി, ഔട്ട് പോസ്റ്റ്, ബസ് സ്റ്റാൻഡ് ഭാഗങ്ങളിലെ വഴിയോരക്കച്ചവടത്തിന് കർശനമായ നിയന്ത്രണം ഏർപ്പെടുത്തും.ഓണവുമായി ബന്ധപ്പെട്ട് ഗതാഗതം തടസപ്പെടും വിധം ഇറക്കുകളും മറ്റും കെട്ടാൻ അനുവദിക്കരുതെന്ന് നഗരസഭയോടും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്
കല്ലുപാലത്തിന് സമീപമാണ് ഗതാഗത കുരുക്ക് രൂക്ഷം. ഓണം, വള്ളം കളി എന്നിവയോട് അനുബന്ധിച്ച് ഗതാഗത നിയന്ത്രണങ്ങളിലും സംവിധാനങ്ങളിലും ചില്ലറ മാറ്റങ്ങൾ വരുത്തുകയാണ് ലക്ഷ്യം. ഇത് സംബന്ധിച്ച ശുപാർശ ജില്ലാ പൊലീസ് മേധാവിയുടെയും കളക്ടറുടെയും പരിഗണനയിലാണ്
- ട്രാഫിക് പൊലീസ്, ആലപ്പുഴ