fsdgvd

മുഹമ്മ: മേൽക്കൂര തകർന്ന് ചോർന്നൊലിക്കാൻ തുടങ്ങിയതോടെ മണ്ണഞ്ചേരി പഞ്ചായത്ത് എട്ടാം വാർഡിലെ 38 -ാം നമ്പർ അങ്കണവാടി കെട്ടിടം അപകടാവസ്ഥയിലായി. മേൽകൂരയിലെ ഓടുകൾ പൊട്ടി മഴവെള്ളം കുത്തിയൊലിച്ച് പക്ഷികളുടെ കാഷ്ഠവും ചേർന്ന് മാലിന്യമായി മുറിയിൽ വീഴാൻതുടങ്ങിയതോടെ കെട്ടിടം ഉപയോഗ ശൂന്യമായി. പൊട്ടിയ ഓടിന്റെ കഷണങ്ങൾ വീണ് കുട്ടികൾക്ക് പരുക്കേൾക്കുമോ എന്ന ഭയം കാരണം കുരുന്നുകളെ അങ്കണവാടിയിലേക്ക് അയയ്ക്കാൻ തന്നെ രക്ഷകർത്താക്കൾ മടിക്കുന്നു. അശാസ്ത്രീയ നിർമ്മാണം കാരണം പ്രാവുകൾ ഉൾപ്പടെയുള്ള പക്ഷികൾ മേൽക്കൂരയിൽ ചേക്കേറി തൂവൽ കൊഴിക്കുകയും കാഷ്ഠിക്കുകയും ചെയ്യുന്നത് കാരണം കുട്ടികൾക്ക് ശ്വാസകോശരോഗങ്ങൾ ഉൾപ്പടെയുള്ള ആരോഗ്യപ്രശ്നങ്ങൾ പിടിപെടുമോ എന്ന ആശങ്കയും രക്ഷിതാക്കൾക്കുണ്ട്.

2023ൽ ആരംഭിച്ച അങ്കണവാടിയിൽ പതിനൊന്നോളം കുരുന്നുകൾ വിജ്ഞാനത്തിനും വിനോദത്തിനുമായി എത്തുന്നുണ്ട്. അങ്കണവാടി കെട്ടിടത്തിന്റെ കേടുപാടുകൾ പരിഹരിച്ച് ഉപയോഗപ്രദമാക്കാൻ നിരന്തരമായി അധികാരികളോട് പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല.


അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കാൻ അടിയന്തര നടപടികൾ ഉണ്ടായില്ലെങ്കിൽ സമരപരിപാടികൾ സംഘടിപ്പിക്കും

- എം.പി ജോയി,​പ്രസിഡന്റ്,​ നേതാജി മണ്ഡലം കോൺഗ്രസ് കമ്മിറ്റി