ചേർത്തല: ചേർത്തല റെയിൽവേ സ്റ്റേഷനിലെ ഓവർബ്രിഡ്ജ് നിർമ്മാണവുമായി ബന്ധപ്പെട്ട്
റെയിൽവേയും ദേശീയപാത അതോറിറ്റിയും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് സർവേ നടപടികൾ ആരംഭിച്ചു. സർവേ ഡെപ്യൂട്ടി ഡയറക്ടർ ഡി.ജയകുമാറിന്റെയും ചേർത്തല താലൂക്ക് സർവേയർ ശ്യാംദിനകരന്റെയും നേതൃത്വത്തിലാണ് സർവേ നടപടികൾ ആരംഭിച്ചത്. ദേശീയപാത നിർമ്മാണവുമായി ബന്ധപ്പെട്ട് ചേർത്തല റെയിൽവേ സ്റ്റേഷന് മുന്നിൽ റോഡിന്റെ വശങ്ങൾ കെട്ടിയടച്ചതോടെ റെയിൽവേ സ്റ്റേഷനിലേക്കുള്ള യാത്രക്കാർക്ക് പോകാൻ മാർഗമില്ലാതായി. നിർമാണം പൂർത്തിയാകുന്നതോടെ പ്രധാന പാതയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്കുള്ള പ്രവേശനം പൂർണമായും ഇല്ലാതാകും. ദേശീയ പാതയോരത്തുള്ള റെയിൽവേ സ്റ്റേഷനായതിനാൽ ദിവസേന നൂറുകണക്കിനു യാത്രക്കാരാണ് ഇവിടെ വന്നുപോകുന്നത്. അത്യാവശ്യഘട്ടങ്ങളിൽ റെയിൽവേ സ്റ്റേഷനിലേക്കെത്താനും മടങ്ങാനും വടക്കുഭാഗത്തുള്ള ഒറ്റപ്പുന്ന കവലവരെയും തെക്ക് ഭാഗത്തുള്ള അർത്തുങ്കൽ ബൈപാസ് ജംഗ്ഷൻ വരെയും എത്തേണ്ട സ്ഥിതിയാണ്. റെയിൽവെ സ്റ്റേഷന് മുന്നിൽ അടിപ്പാത നിർമ്മിക്കണമെന്ന് മുമ്പ് ആവശ്യമുയർന്നെങ്കിലും സ്ഥല ലഭ്യതയുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിട്ടിയും റെയിൽവേയും തമ്മിലുള്ള തർക്കമുണ്ടായതോടെ അതും നടക്കാതെ പോയി. യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിലേക്ക് എത്താൻ ദേശീയപാത വികസനത്തിന്റെ ഭാഗമായി മേൽനടപ്പാലത്തിനും അനുമതിയായിട്ടുണ്ട്. മേൽനടപ്പാലം നിർമ്മിക്കുന്നതിനുമുമ്പ് സ്ഥലം സംബന്ധിച്ചുള തർക്കം പരിഹരിക്കുന്നതിനവേണ്ടിയാണ് സർവേ ആരംഭിച്ചത്.വരും ദിവസങ്ങളിലും സർവേ തുടരും.