71ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഇനി 10 നാൾ ദൂരം

ആലപ്പുഴ: നെഹ്റു ട്രോഫി ജലമേളയുടെ ചരിത്രത്തിലെ ആദ്യ ഡബിൾ ഹാട്രിക് സ്വന്തമാക്കുമെന്ന വാശിയിലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്. ക്ലബ്ബിന്റെ ഡബിൾ ഹാട്രിക്കിനൊപ്പം ക്യാപ്റ്റന്മാരുടെ ഹാട്രിക്കും ടീമിന്റെ ലക്ഷ്യമാണ്. ഓരോ വർഷവും ഓരോ ചുണ്ടിനിലൂടെയാണ് ക്ലബ്ബ് ജലരാജാക്കന്മാരായത്. നെഹ്റുട്രോഫിക്ക് പത്തുനാൾ മാത്രം ബാക്കി നിൽക്കെ കൃത്യമായ പരിശീലനത്തിലാണ് ക്ലബ്. വള്ളം ഇന്ന് കരയ്ക്ക് കയറ്റി അറ്റകുറ്റപ്പണി നടത്തും. മറ്റൊരു ചുണ്ടനിലാണ് ഇനി പരിശീലനം. 13 മേഖല കമ്മിറ്റികളാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. പള്ളാത്തുരുത്തി സെന്റ് തോമസ് പള്ളി പാരീഷ് ഹാളിലാണ് ക്യാമ്പ്. മൂലം ജലോത്സവത്തിന് ശേഷമാണ് 45 ദിവസത്തെ പരിശീലനം ആരംഭിച്ചത്. 120 പേർ ക്യാമ്പിലുണ്ട്.

1971ൽ ആലപ്പുഴ നഗരസഭയുടെ മൂന്ന് വാർഡുകാരുടെയും പള്ളാത്തുരുത്തി പാലം മുതൽ വേമ്പനാട് കായൽ വരെ ഇരുകരകളിലായി താമസിക്കുന്നവരുടെയും കൂട്ടായ്മയിൽ പിറന്നതാണ് പി.ബി.സി എന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബ്. 1988ൽ വെള്ളംകുളങ്ങര ചുണ്ടനിലായിരുന്നു ആദ്യവിജയം. 98ൽ ചമ്പക്കുളത്തിൽ നേടിയ വിജയത്തിന് ശേഷം ക്ലബ്ബ് തിരിച്ചെത്തിയത് 2018ൽ പായിപ്പാടിൽ വിജയകിരീടം സ്വന്തമാക്കിയാണ്. 2019ൽ നടുഭാഗം ചുണ്ടനിലും, 2022ൽ മഹാദേവികാട് കാട്ടിൽതെക്കേതിലും വിജയിച്ച് (2020,2021 വർഷങ്ങളിൽ മത്സരം നടന്നില്ല) ഹാട്രിക് നേടി. 2023ൽ വീയപുരം ചുണ്ടനിൽ വിജയം കൊയ്തു. കഴിഞ്ഞ വർഷം കാരിച്ചാൽ ചുണ്ടനിൽ അഞ്ചാം തവണ രാജാക്കന്മാരായി. ഇത്തവണയും വിജയിച്ചാൽ ചരിത്രത്തിലെ ആദ്യ ഡബിൾ ഹാട്രിക്ക് ആകും. അലൻ, ഏയ്ഡൻ കോശി അലൻ എന്നിവരാണ് ഇത്തവണയും ക്യാപ്റ്റന്മാർ.

പി.ബി.സിയുടെ നെഹ്റുട്രോഫി നേട്ടം

1988 : വെള്ളംകുളങ്ങര

1998: ചമ്പക്കുളം

2018:പായിപ്പാട്

2019: നടുഭാഗം

2022: മഹാദേവികാട് കാട്ടിൽ തെക്കേതിൽ

2023: വീയപുരം

2024 : കാരിച്ചാൽ

ക്യാമ്പും ട്രയലും

രാവിലെ 6.30 മുതൽ 9.30 വരെ കായികപരിശീലനം

തുടർന്ന് ഡയറ്റ് പ്രകാരം പ്രഭാത ഭക്ഷണം

ഉച്ചഭക്ഷണത്തിന് ശേഷം നാലരയോടെ തുഴച്ചിൽ പരിശീലനം

പരിശീലന ചെലവ് : 1.5 കോടി രൂപ

ഡബിൾ ഹാട്രിക് മുന്നിൽ കണ്ടാണ് പരിശീലനം. എല്ലാവരുടെയും പിന്തുണയും സഹായവും ഒപ്പമുണ്ട്. വെള്ളിക്കപ്പ് ഇത്തവണയും സ്വന്തമാക്കും.

- അഭിലാഷ് അശോകൻ, സെക്രട്ടറി

പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്