ആലപ്പുഴ : പൊട്ടിപ്പൊളിഞ്ഞ് അപകടാവസ്ഥയിലായി കിടങ്ങാംപറമ്പ് - കോർത്തശേരി റോഡും ചേരമാൻകുളങ്ങര- തത്തംപള്ളി റോഡും. ടാറിളകി കുഴികൾ രൂപപ്പെട്ട ഈ റോഡുകളിലൂടെയുള്ള യാത്ര ഏറെ സാഹസികമാണ്. നെഹ്റു ട്രോഫി ജലോത്സവം, ഓണം, കിടങ്ങാം പറമ്പ് ക്ഷേത്രത്തിലെ മണ്ഡല മഹോത്സവം, ക്രിസ്മസ് തുടങ്ങിയ ആഘോഷകാലങ്ങളിൽ യാത്രക്കാർ കൂടുന്നതോടെ റോഡിലൂടെയുള്ള യാത്ര കൂടുതൽ ദുരിതത്തിലാകും.
തിരക്ക് കണക്കിലെടുത്ത് മണ്ഡലകാല ഉത്സവത്തിന് മുന്നോടിയായി ഈ റോഡുകൾ നന്നാക്കണമെന്ന് തത്തംപള്ളി മേഖലാ പൗരസമിതി ആവശ്യപ്പെട്ടു.
മുല്ലയ്ക്കൽ ചിറപ്പിനോടനുബന്ധിച്ച് നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകും. ഈ സമയത്ത് നഗരത്തിൽ വലിയ തിരക്ക് അനുഭവപ്പെടും. കോടതിപ്പാലത്തിന്റെ നവീകരണം നടക്കുന്നതുകൊണ്ട് വലിയ ഗതാഗതകുരുക്കും ഉണ്ടാവും. ഇടയ്ക്കിടെ മഴ ശക്തമാകുന്നതിനാൽ റോഡുകളുടെ അവസ്ഥ ഇനിയും മോശമാകാനാണ് സാദ്ധ്യത.
അപകടം പതിവ്
റോഡിൽ ടാറിളകി കുഴികൾ രൂപപ്പെട്ടതിനാൽ അപകടങ്ങളും പതിവാണ്.
കോടതിപ്പാലത്തിന്റെ നിർമ്മാണം നടക്കുന്നതിനാൽ കൂടുതൽ വാഹനങ്ങൾ ഇതുവഴി കടന്നുപോകുന്നു
കോടതിപ്പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ രണ്ടുവർഷമെങ്കിലും വേണ്ടി വരും
ആശുപത്രിയിലെത്തുന്നവർ, സ്കൂൾ വിദ്യാർത്ഥികൾ എന്നിവങ്ങനെ നിരവധി പേർ ആശ്രയിക്കുന്ന റോഡാണിത്
ജില്ലാ കോടതി പാലം നിർമ്മാണം നടക്കുന്നതിനാൽ നിരവധി ആളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. മണ്ഡലകാലം മുന്നിൽക്കണ്ട് റോഡ് നന്നാക്കി ഗതാഗതയോഗ്യമാക്കണം
- ജോർജ് മുളക്കൻ, പ്രസിഡന്റ്
തത്തംപള്ളി മേഖലാ പൗരസമിതി