മാന്നാർ: ജലജീവൻ പദ്ധതിയുടെ ഭാഗമായി കുടിവെള്ള പൈപ്പിട്ടശേഷം ശരിയായി മൂടാത്തത് മൂലം അപകടക്കെണിയായി മാറിയ കുഴികൾക്ക് പരിഹാരമാകുന്നു. പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം മാന്നാർ സെക്ഷന്റെ മേൽനോട്ടത്തിൽ ഈ കുഴികൾ മൂടി ഇന്റർലോക്ക് വിരിക്കുന്നതിന് കഴിഞ്ഞ ദിവസം തുടക്കമായി. അപകടക്കുഴികളെക്കുറിച്ച് കേരളകൗമുദി പല തവണ റിപ്പോർട്ട് ചെയ്തിരുന്നു.
കായംകുളം - തിരുവല്ല സംസ്ഥാനപാതയിൽ പരുമലക്കടവ് മുതൽ ചെന്നിത്തല വരെ നീളുന്ന അപകടക്കുഴികൾക്ക് പരിഹാരമായി ആദ്യഘട്ടത്തിൽ മാന്നാർ തൃക്കുരട്ടി ജംഗ്ഷൻ മുതൽ പരുമലക്കടവ് ജംഗ്ഷന് വടക്ക് മുല്ലശ്ശേരിക്കടവ് ഭാഗത്തേക്ക് തിരിയുന്ന റോഡ് വരെ ഒന്നേകാൽ മീറ്റർ വീതിയിൽ മണ്ണ് നിറച്ച് ഇന്റർ ലോക്ക് വിരിക്കുന്ന ജോലികളാണ് ആരംഭിച്ചത്.
പൈപ്പുകൾ ഇട്ടശേഷം പൂർവസ്ഥിതിയിലാക്കാമെന്ന് വാട്ടർ അതോറിറ്റിയും പൊതുമരാമത്ത് അധികൃതരുമായി കരാർ ചെയ്ത ശേഷമാണ് ഓരോ പ്രദേശങ്ങളിലും കുഴി എടുത്തത്. എന്നാൽ ഇത് പലപ്പോഴും കൃത്യമായി പാലിക്കാറില്ല. മാന്നാർ പ്രദേശത്ത് പൈപ്പുകൾ ഇട്ട് രണ്ട് വർഷത്തോളം കഴിഞ്ഞാണ് ഇപ്പോൾ പുനർനിർമ്മാണം നടത്തുന്നത്.
അപകടത്തിൽപ്പെട്ടത് നിരവധി പേർ
തൃക്കുരട്ടി ജംഗ്ഷനിലും തെക്ക് ഭാഗത്ത് എൻ.ആർ.സി സൂപ്പർ മാർക്കറ്റിന് സമീപവും കുഴികളിൽ വീണ് നിരവധി പേർക്ക് പരിക്കേറ്റിരുന്നു
ദിവസങ്ങൾക്കു മുമ്പാണ് ബൈക്ക് യാത്രികനായ മാന്നാറിലെ മാദ്ധ്യമപ്രവർത്തകൻ ഫൈസൽ ഈ കുഴിയിൽ വീണ് ടിപ്പറിനടിയിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്
തൃക്കുരട്ടി ക്ഷേത്ര ജംഗ്ഷനിൽ യാത്രക്കാർ ബസിൽ കയറുവാനും ഇറങ്ങുവാനും ഏറെ പാടുപെടുകയായിരുന്നു
സമീപത്തെ വ്യാപാരികളും ഓട്ടോറിക്ഷ തൊഴിലാളികളുമാണ് പലപ്പോഴും ഈ കുഴിയിൽ വീഴുന്ന യാത്രക്കാർക്ക് രക്ഷകരായി മാറിയിരുന്നത്
വേഗത്തിൽ പൂർത്തിയാക്കണം:
മർച്ചന്റ്സ് അസോസിയേഷൻ
മാന്നാർ ടൗണിൽ റോഡിന്റെ പടിഞ്ഞാറ് ഭാഗത്തെ അപകടക്കെണികളായ കുഴികൾ മൂടി ഇന്റർലോക്ക് വിരിക്കുന്ന പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കണമെന്ന് മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. വളരെ പ്രതീക്ഷയോടെ ഓണക്കച്ചവടത്തിനായി തയ്യാറെടുത്തിരിക്കുന്ന വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിലേക്ക് നിർമ്മാണം മാറരുതെന്ന് അസോസിയേഷൻ പ്രസിഡന്റ് അനിൽ എസ്.അമ്പിളി, സെക്രട്ടറി റഷീദ് പടിപ്പുരക്കൽ എന്നിവർ പറഞ്ഞു. കഴിഞ്ഞ വിഷുവിനോടനുബന്ധിച്ച് ഓടകൾ വൃത്തിയാക്കുന്ന ജോലികൾ നടത്തി വ്യാപാരികളുടെ കച്ചവടം അവതാളത്തിലാക്കിയതായി ഇവർ ആരോപിച്ചു.
വ്യാപാരികൾക്ക് ബുദ്ധിമുട്ടാകാത്ത വിധം രാത്രികാലങ്ങളിലാണ് ഇന്റർലോക്ക് വിരിക്കുന്ന ജോലികൾ നടത്തുത്
- പൊതുമരാമത്ത് വകുപ്പ്