ഹരിപ്പാട് : പുതുക്കിപ്പണിതിട്ട് രണ്ട് പതിറ്റാണ്ടിലേറെയായതോടെ നെടുന്തറ വളക്കട ജംഗ്ഷൻ - കാട്ടിൽ പറമ്പിൽ ജംഗ്ഷൻ റോഡിൽ യാത്ര ദുരിതപൂർണമായി. ഹരിപ്പാട് നഗരസഭയുടെയും പള്ളിപ്പാട് ഗ്രാമപഞ്ചായത്തിന്റെയും അതിർത്തി പങ്കിടുന്ന റോഡിൽ അതിർത്തി പ്രശ്നം പറഞ്ഞ് റോഡ് നന്നാക്കുന്ന കാര്യത്തിൽ നഗരസഭയും പഞ്ചായത്തും വടംവലി നടത്തുന്നതാണ് അറ്റകുറ്റപ്പണി വൈകുന്നതിന് പിന്നിൽ.
റോഡ് പൊട്ടിപ്പൊളിഞ്ഞ് മെറ്റലിളകി താറുമാറായിട്ട് വർഷങ്ങളായി. ഹരിപ്പാട് ആർ.കെ.ജംഗ്ഷൻ -ഇരട്ടക്കുളങ്ങര റോഡിനേയും എഴിയ്ക്കകത്ത് ജംഗ്ഷൻ -പള്ളിപ്പാട് റോഡിനേയും ബന്ധിപ്പിക്കുന്നതാണ് നെടുന്തറ വളക്കട ജംഗ്ഷൻ -കാട്ടിൽ പറമ്പിൽ ജംഗ്ഷൻ റോഡ്.
ഇടവൂർ വീടിന്റെ മുൻവശത്ത് റോഡിൽ വലിയ കുഴി രൂപപ്പെട്ടിട്ട് വർഷങ്ങളായി. ഏത് സമയത്തും വെള്ളം നിറഞ്ഞുകിടക്കുന്ന ഇവിടെ വാഹനങ്ങളും ആളുകളും വീണ് പരിക്കേൽക്കുന്നത് പതിവാണ്. മഴക്കാലത്ത് ഈ കുഴിയിൽ വെള്ളം നിറഞ്ഞിട്ട് വീടുകളുടെ മുറ്റത്തും തൊട്ടടുത്തുള്ള കുരിശടിയുടെ ചുറ്റിലും വെള്ളം കയറുന്ന അവസ്ഥയുണ്ട്. റോഡിലെ കുഴിയിലെ വെള്ളത്തിലുടെ വാഹനങ്ങൾ പോകുമ്പോൾ ഉണ്ടാകുന്ന ഓളത്തിൽ ഇവിടുത്തെ മണ്ണൊലിച്ചു മാറി വീടിന് ബലക്ഷയമുണ്ടായിട്ടുണ്ട്.
1. ദിനംപ്രതി നിരവധി സ്കൂൾ - കോളേജ് വിദ്യാർത്ഥികളും വാഹനങ്ങളും കടന്നുപോകുന്ന പ്രധാനറോഡാണിത്
2. റോഡിലെ കുഴിയിൽ വീണ് അപകടങ്ങളുണ്ടാകുന്നതും യാത്രക്കാർക്ക് പരിക്കേൽക്കുന്നതും നിത്യസംഭവമാണ്
3. താറുമാറായി കിടക്കുന്ന ഈ റോഡിലൂടെ സർവീസ് നടത്തുവാൻ ഓട്ടോ - ടാക്സി വാഹനങ്ങൾ തയ്യാറാകുന്നില്ല
4. ആശുപത്രിയിലേക്ക് രോഗികളെ കൊണ്ടു പോകാൻ ആംബുലൻസുകൾ വരാത്ത സ്ഥിതിയുണ്ട്
റോഡിന്റെ ശോച്യാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കുവാൻ അധികൃതർ തയ്യാറായില്ലെങ്കിൽ അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും
- നാട്ടുകാർ