മുഹമ്മ: പ്ലാസ്റ്റിക്ക് പടുത മേൽകൂരയുള്ള കടയുടെ സമീപത്ത് കൂടി വൈദ്യുതി കണക്ഷൻ നൽകുന്നതിന് പിന്തുണ പോസ്റ്റ് സ്ഥാപിക്കാൻ ആയിരങ്ങൾ ഈടാക്കി സാധുക്കളായ കച്ചവടക്കാരോട് വൈദ്യുതി വകുപ്പിന്റെ ക്രൂരത. മണ്ണഞ്ചേരി വെളുത്തേടത്ത് അബ്ദുൽ നജീബിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം വാടകക്കെടുത്ത് വ്യാപാരം നടത്തുന്ന കച്ചവടക്കാരോടാണ് മുഹമ്മ സെക്ഷനിലെ ജീവനക്കാരുടെ ക്രൂരതയെന്നാണ് ആക്ഷേപം.
പച്ചക്കറി വിപണന സ്ഥാപനത്തിന് നേരത്തേ കണക്ഷൻ നൽകിയിരുന്നു. സമീപത്ത് പ്രവർത്തനം ആരംഭിച്ച മുട്ട വ്യാപാര കടയ്ക്ക് വേണ്ടി നൽകിയ അപേക്ഷയിലാണ് പ്ലാസ്റ്റിക്ക് പടുതയുടെ സമീപത്ത് കൂടി സർവീസ് വയർ വലിച്ച് നൽകാൻ സാധിക്കില്ലെന്നും പിന്തുണ പോസ്റ്റിന് 1914 രൂപ ഒടുക്കേണ്ടിയിരുന്ന കുമ്പളത്ത് മജീദിനെ കൊണ്ട് 9461 രൂപ അടപ്പിച്ചതെന്ന്
കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ (കെ.ഇ.ഡബ്ല്യു.എസ്.എ) മുഹമ്മ മേഖല കമ്മിറ്റി ആരോപിച്ചു. അതേസമയം, തേവലക്കരയിലെ സ്കൂളിലുണ്ടായ വൈദ്യുതി അപകടത്തിൽ വിദ്യാർത്ഥി മരിച്ച സംഭവത്തിന് ശേഷം
ഇത്തരത്തിലാണ് കണക്ഷനുകൾ നൽകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.