മാവേലിക്കര: ആഗസ്റ്റ് 30ന് നടക്കുന്ന നെഹ്റു ട്രോഫി ജലോത്സവത്തിന് പൊതുഭരണ വകുപ്പ് പ്രഖ്യാപിച്ച പ്രാദേശിക അവധിയിൽ നിന്ന് മാവേലിക്കര താലൂക്കിനെ ഒഴിവാക്കരുതെന്നും ജലോത്സവത്തിന്റെ ഭാഗമാകുന്ന മാവേലിക്കര താലൂക്കിനെ കൂടി ഉൾപ്പെടുത്തി ജില്ലയിൽ പ്രാദേശിക അവധി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് എം.എസ് അരുൺകുമാർ എം.എൽ.എ മുഖ്യമന്ത്രിക്ക് നേരിട്ട് കത്ത് നൽകി. ആലപ്പുഴ ജില്ലയിൽ നിന്നുമുള്ള മന്ത്രിമാരായ സജി ചെറിയാൻ, പി.പ്രസാദ്, സംസ്ഥാന പൊതു ഭരണ വകുപ്പ് സെക്രട്ടറി, ജില്ലാ കളക്ടർ എന്നിവരെയും എം.എൽ.എ നേരിൽകണ്ട് വിഷയം അവതരിപ്പിച്ചു. ജലോത്സവം തുടങ്ങിയ കാലം മുതൽ ജില്ലയ്ക്ക് ആകെ അവധി പ്രഖ്യാപിക്കാറുണ്ട്. എന്നാൽ ഇത്തവണ പൊതുഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം മാവേലിക്കര താലൂക്കിനെ ഒഴിവാക്കിയിരുന്നു.