കായംകുളം: കായംകുളത്ത് ക്യാമറളും അനുബന്ധ സാധനങ്ങളും വിൽക്കുന്ന സ്ഥാപനത്തിൽ നിന്ന് ലക്ഷങ്ങൾ കവർന്നു. കെ പി റോഡിൽ പ്രവർത്തിക്കുന്ന ഫോട്ടോ ലിങ്ക് എന്ന സ്ഥാപനത്തിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ മോഷണം നടന്നത്. ഇന്നലെ രാവിലെ കട തുറന്നപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
പിന്നിലെ ഭിത്തി തുരന്നാണ് മോഷ്ടാവ് അകത്തു കയറിയത്. 6 ലക്ഷം രൂപയോളം വില വരുന്ന ക്യാമറയും ലെൻസും അടക്കം മോഷണം പോയി. കടയിലെ സി.സി ടിവി പരിശോധിച്ചെങ്കിലും മോഷ്ടാവ് അകത്ത് കയറിയ ഉടനെ ഇൻവെർട്ടർ ഓഫ് ചെയ്തതോടെ ക്യാമറ ഓഫ് ആയി. തുടർന്ന് കൂടുതൽ ദൃശ്യങ്ങൾ ലഭിച്ചില്ല. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ ക്യാമറ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. കായംകുളത്തെ വ്യാപാരസ്ഥാപനങ്ങളിൽ ഓണക്കാലത്ത് നടക്കുന്ന മോഷണം തടയുന്നതിനായി പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.