ആലപ്പുഴ : കേരളത്തിലെ കാർഷിക മേഖലയിലെ പ്രതിസന്ധികളെക്കുറിച്ച് പഠിക്കാൻ കേന്ദ്രസർക്കാർ നിയോഗിച്ച ആദ്യപ്രതിനിധി സംഘം നാളെ കുട്ടനാട് സന്ദർശിക്കും. നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് (എൻ.എഫ്.ഡി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മുഹമ്മദ് കോയയുടെ നേതൃത്വത്തിൽ സെൻട്രൽ മറൈൻ ഫിഷറീസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ.ഇമൽഡ ജോസഫ്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ബ്രാക്കീഷ് വാട്ടർ അക്വാകൾച്ചർ സയന്റിസ്റ്റ് ഡോ.സന്ദീപ്.കെ.പി, നാഷണൽ ഫിഷറീസ് ബോർഡ് എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആൽബിൻ ആൽബർട്ട്
എന്നിവരടങ്ങുന്ന സംഘം ഇന്ന് കൊച്ചിയിൽ കാർഷിക മേഖലയിലെ വിവിധ സംഘടനാ പ്രതിനിധികളുമായും സംയുക്ത കർഷകവേദി ഭാരവാഹികളുമായി ചർച്ച നടത്തും.
നാളെ രാവിലെ കുട്ടനാടെത്തുന്ന സംഘം കർഷകരെ നേരിട്ട് കണ്ട് നിലവിലെ പ്രതിസന്ധികളെ കുറിച്ചും കുട്ടനാട്ടിലെ പ്രത്യേക സാഹചര്യം പ്രയോജനപ്പെടുത്തി നെൽകൃഷിയുടെ ഇടവേളകളിൽ മത്സ്യകൃഷി നടത്തി കർഷകർക്ക് സാമ്പത്തിക നേട്ടം ഉണ്ടാക്കാനുള്ള പദ്ധതികളെക്കുറിച്ചും
ചർച്ചചെയ്യും. കേരളത്തിലെ തകർന്നടിഞ്ഞ കാർഷിക മേഖലയെ കുറിച്ച് പഠിച്ച് സമഗ്രമായ ഒരു റിപ്പോർട്ട് തയ്യാറാക്കി ഈ മാസം ആദ്യം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ഷാജി രാഘവൻ, സി.കൃഷ്ണകുമാർ എന്നിവരടങ്ങുന്ന സമിതി കേന്ദ്ര ഫിഷറീസ് വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിംഗ്, കേന്ദ്രകൃഷി വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാൻ എന്നിവരടക്കം അഞ്ചോളം മന്ത്രിമാരെ നേരിട്ട് കണ്ട് സമർപ്പിച്ചിരുന്നു. കേന്ദ്രമന്ത്രി ജോർജ് കുര്യന്റെയും കൃഷി വകുപ്പ് മന്ത്രിയുടെയും പ്രത്യേക താല്പര്യം പ്രകാരമാണ് ആദ്യസംഘം കേരളത്തിലെത്തുന്നതെന്നും പിന്നാലെ കേന്ദ്ര കൃഷി വകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവരും എത്തുമെന്ന് സംയുക്ത കർഷകവേദി സംസ്ഥാന ജനറൽ കൺവീനറും കർഷകമോർച്ച സംസ്ഥാന അദ്ധ്യക്ഷനുമായ ഷാജി രാഘവൻ അറിയിച്ചു.