മാന്നാർ : റോഡ് സഞ്ചാരയോഗ്യമാക്കാൻ പരാതികൾ നൽകിയിട്ടും ഉറക്കം നടിച്ച അധികൃതർക്ക് മുന്നിൽ നാട്ടുകാർ ഉണർന്നു പ്രവർത്തിച്ചതോടെ, തകർന്നടിഞ്ഞ് കിടന്ന പരുമലപള്ളി - പനയന്നാർകാവ് റോഡ് സഞ്ചാരയോഗ്യമായി, റെഡ്സ്റ്റാർ കലാ-സാംസ്കാരിക വേദിയുടെ നേതൃത്വത്തിലാണ് നാട്ടുകാർ റോഡിൽ അറ്റകുറ്റപ്പണി നടത്തിയത്.
ഈ റോഡിൽ കലുങ്കിന് സമീപത്തായി വലിയ കുഴികളും വെള്ളക്കെട്ടും മൂലം മാസങ്ങളായി ഗതാഗതം തടസ്സപ്പെട്ടിരുന്നു. റോഡ് താറുമാറായി കിടക്കുന്നത് സംബന്ധിച്ച് നാട്ടുകാർ പലതവണ അധികൃതർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും നടപടി ഉണ്ടായില്ല. ജില്ലാ പഞ്ചായത്ത് ഈ റോഡിന്റെ പുനർനിർമാണത്തിനായി 11 ലക്ഷം രൂപ അനുവദിക്കുകയും ടെണ്ടർ ക്ഷണിക്കുകയും ചെയ്തുവെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും മുന്നോട്ട് വരാത്തത് നിർമ്മാണത്തിന് തടസമായി. കടപ്ര ഗ്രാമപഞ്ചായത്ത് റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും നടന്നില്ല. തുടർന്നാണ് മെറ്റൽപ്പൊടിയും മറ്റും ഉപയോഗിച്ച് വലിയ കുഴികളും വെള്ളക്കെട്ടും ഒഴിവാക്കി റോഡ് താത്ക്കാലികമായാണങ്കിലും സഞ്ചാരയോഗ്യമാക്കിയത്. റെഡ്സ്റ്റാർ രക്ഷാധികാരി ഡൊമിനിക് ജോസഫിന്റെ നേതൃത്വത്തിൽ ബേബി കുളത്തിൽ, പി.സി.ആനന്ദൻ, ജോജി ജോൺ, അജി കെ.ജോർജ്, കെ.ടി.സന്തോഷ്, ബിജു മാത്യു, ജയ്സൺ വി.ജോൺ എന്നി വരടങ്ങുന്ന സംഘമാണ് റോഡ് നിർമ്മാണത്തിൽ പങ്കെടുത്തത്.