ആലപ്പുഴ: ഉപ്പുവെള്ളം കയറിയ പാടശേഖരങ്ങളിൽ നിന്ന് കൃഷിവകുപ്പിന്റെ ഇടപെടലിൽ ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് മുഖേന സംഭരിച്ച നെല്ലിന്റെ വില വിതരണം ചെയ്തു. കൃഷിനാശം സംഭവിച്ച എട്ടു പാടശേഖരങ്ങളിൽ നിന്നും 335 കർഷകരുടെ 4,77ടൺ നെല്ല് സംഭരിച്ചതിന്റെ വിലയായി 1.17 കോടി രൂപയാണ് നൽകിയത്. കഴിഞ്ഞ സീസണിൽ ജില്ലയിലെ നിരവധി പാടശേഖരങ്ങളിൽ പുഞ്ചകൃഷിയുടെ സമയത്ത് ഉഷ്ണതരംഗം ഉണ്ടാകുകയും ഉപ്പ് വെള്ളം കയറുകയും ചെയ്തതോടെ വലിയ കൃഷിനാശമാണ് ഉണ്ടായത്. ഉള്ള നെല്ല് അളെന്നെടുക്കാതെ മില്ലുകാർ വലിയരീതിൽ വില പേശൽ നടത്തിയപ്പോഴായിരുന്നു കൃഷിവകുപ്പിന്റെ ഇടപെടലുണ്ടായത്.
ഉപ്പുവെള്ളം കയറിയതിനെത്തുടർന്ന് 4375 ഹെക്ടറിൽ കൃഷി നാശം സംഭവിച്ചതായാണ് വകുപ്പിന്റെ കണക്ക്. കഞ്ഞിപ്പാടം കുറ്റുവേലിൽ ക്ഷേത്ര മൈതാനത്ത് നടന്ന ചടങ്ങിൽ നെല്ലിന്റെ വില മന്ത്രി പി.പ്രസാദ് വിതരണം ചെയ്തു. എച്ച്.സലാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ.രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ്, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം.ദീപ, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിനു ഐസക് രാജു, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ എം.ഷീജ, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പ്രജിത്ത് കാരിക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.ആർ.അശോകൻ, പ്രിൻസിപ്പൽ കൃഷി ഓഫീസർ സി.അമ്പിളി തുടങ്ങിയവർ പങ്കെടുത്തു.