ആലപ്പുഴ: നഗരഹൃദയമായ മുല്ലയ്ക്കൽ എ.വി.ജെ ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് മിഴിയടച്ചിട്ട് മാസങ്ങൾ പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താതെ അധികൃതർ.
ഓണക്കാലമായതോടെ തിരക്ക് വർദ്ധിച്ചിട്ട് പോലും ലൈറ്റ് തെളിക്കാൻ നടപടി സ്വീകരിക്കാത്തതിനെതിരെ പ്രതിഷേധം ഉയരുന്നുണ്ട്.
സമീപത്തെ കല്ലുപാലം ഭാഗത്തും സമാനമാണ് സ്ഥിതി. വ്യാപാര കേന്ദ്രമായതിനാൽ എ.വി.ജെ ജംഗ്ഷനിലും പരിസരങ്ങളിലും രാത്രി വൈകുവോളം നല്ല വെളിച്ചം ആവശ്യമാണ്. രാത്രി 9മണിയോടെ മുല്ലയ്ക്കൽ തെരുവിലെ വ്യാപാരസ്ഥാപനങ്ങൾ അടയ്ക്കുന്നതോടെ നഗരം ഇരുട്ടിലാകുന്നതാണ് നിലവിലെ സ്ഥിതി. സ്വർണാഭരണ ശാലകളുടെ കേന്ദ്രം കൂടിയായ പ്രദേശം ഇരുട്ടിലാകുന്നത് സുരക്ഷാ ഭീഷണിയും ഉയർത്തുന്നുണ്ട്.
കടകളടച്ചാൽ റോഡ് ഇരുട്ടിൽ
നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രത്തിലാണ് ലൈറ്റ് മിഴിയടച്ചത്
വ്യാപാര സ്ഥാപനങ്ങൾ തുറന്നിരിക്കുന്നതുവരെ റോഡിൽ വെളിച്ചമാകും
എന്നാൽ കടകൾ അടയ്ക്കുന്നതോടെ ജംഗ്ഷൻ ഇരുട്ടിലാകും
വെളിച്ചമില്ലാത്തത് രാത്രികാലത്ത് സുരക്ഷാഭീഷണിയാണ്
ലൈറ്റ് കത്താതായിട്ട് മാസങ്ങളായിട്ടില്ല. ദിവസങ്ങൾ മാത്രമേ ആകുന്നുള്ളൂ. ഉടൻ ശരിയാക്കും
- എം.ജി.സതീദേവി, വാർഡ് കൗൺസിലർ