interlock

മാന്നാർ: ജലജീവൻ പദ്ധതിയിൽ കുടിവെള്ളത്തിനായി പൈപ്പിട്ടശേഷം ശരിയായ രീതിയിൽ മൂടാത്തത് മൂലം അപകടക്കെണിയായി മാറിയ കുഴികൾക്ക് പരിഹാരമായി തുടങ്ങി വെച്ച ഇൻറർലോക്ക് പാകൽ പ്രവൃത്തികൾ താൽക്കാലികമായി നിർത്തിവച്ചു. പൊതു മരാമത്ത് വകുപ്പ് നിരത്തു വിഭാഗം മാന്നാർ സെക്ഷന്റെ മേൽനോട്ടത്തിൽ കുഴികൾ മൂടി ഇൻറർലോക്ക് ചെയ്യുന്ന പ്രവൃത്തികൾക്ക് കഴിഞ്ഞ ദിവസം തുടക്കമായെങ്കിലും മർച്ചന്റ്സ് അസോസിയേഷന്റെ അഭ്യർത്ഥന പ്രകാരമാണ് നിർത്തിവച്ചത്. കുഴികൾ മൂടി ഇന്റർലോക്ക് വിരിക്കുന്ന പ്രവൃത്തികൾ ഓണം കഴിയുന്നത് വരെ മാറ്റി വെക്കണമെന്ന് മാന്നാർ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അനിൽ എസ്.അമ്പിളി, സെക്രട്ടറി റഷീദ് പടിപ്പുരക്കൽ എന്നിവർ പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഓണക്കാലത്ത് വ്യാപാരസ്ഥാപനങ്ങളുടെ മുൻവശങ്ങൾ കുത്തിപ്പൊളിച്ച് ഇടുന്നത് മൂലം ഉപഭോക്താക്കൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുമെന്നും വ്യാപാരികൾക്ക് തിരിച്ചടിയാകുമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.