ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ ഭാഗമായി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച ഫേസ് പെയിന്റിംഗ് മത്സരം വേറിട്ടതായി. ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച മത്സരം നഗരസഭാധ്യക്ഷ കെ.കെ.ജയമ്മ , നഗരസഭ സ്ഥിരം സമിതി അധ്യക്ഷ എ.എസ് കവിതയുടെ മുഖത്ത് ചുണ്ടൻ വള്ളം വരച്ച് ഉദ്ഘാടനം ചെയ്തു. ' ആലപ്പുഴയും നെഹ്രു ട്രോഫി വള്ളംകളിയും' എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മത്സരം. പങ്കെടുത്ത മത്സരാർത്ഥികൾ മുഖം ക്യാൻവാസാക്കി ചുണ്ടൻവള്ളം, ആലപ്പുഴയുടെ പൈതൃകങ്ങൾ, കഥകളി തുടങ്ങിയവ പകർത്തി. മത്സരത്തിൽ മാവേലിക്കര രാജാ രവിവർമ്മ കോളേജ് ഒഫ് ഫൈൻ ആർട്സ് വിദ്യാർത്ഥിയായ ഭാവന ശിവൻ, ആലപ്പുഴ എസ്. ഡി കോളേജ് വിദ്യാർത്ഥി ചന്ദന രതീശൻ എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനം നേടി.