ചാരുംമൂട് : നൂറനാട് പടനിലം പരബ്രഹ്മ ക്ഷേത്രത്തിലും, ചുനക്കര തിരുവൈരൂർ മഹാദേവ ക്ഷേത്രത്തിലും ഉത്സവകാലത്ത് ഉയരമുള്ള നന്ദികേശ കെട്ടുകാഴ്ചകൾ കടന്നു പോകുമ്പോൾ വൈദ്യുതി ബന്ധം മണിക്കൂറുകളോളം വിച്ഛേദിക്കുന്ന നടപടി അവസാനിക്കുന്നു. എം.എസ്. അരുൺകുമാർ എം.എൽ.എയുടെ നിർദ്ദേശപ്രകാരം സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ച 2.03കോടിരൂപയുടെ ഭൂഗർഭ കേബിൾ സ്ഥാപിക്കൽ പദ്ധതി ടെൻഡർ നടപടികളിലേക്ക് നീങ്ങുന്നു. ഈ മാസം 27ന് രാവിലെ 11 മുതൽ ഓൺലൈനായി ടെൻഡറിന് അപേക്ഷിക്കാം. സെപ്റ്റംബർ 12 വൈകിട്ട് 5 വരെ ടെൻഡറുകൾ സ്വീകരിക്കും. 19 ന് രാവിലെ 11ന് ടെൻഡർ തുറക്കും. 100 ദിവസത്തിനുള്ളിൽ പ്രവൃത്തി പൂർത്തീകരിക്കണം എന്നാണ് നിബന്ധന. മാവേലിക്കര ഇലക്ട്രിക്കൽ ഡിവിഷന്റെ കീഴിലെ നൂറനാട് , ചുനക്കര ഇലക്ട്രിക്കൽ സെക്ഷനുകളുടെ പരിധിയിലാണ് പ്രവൃത്തി നടക്കുന്നത്. രണ്ടു ക്ഷേത്രങ്ങളുടെയും ഭാഗമായി ഭൂഗർഭ കേബിൾ പദ്ധതി നടപ്പാക്കുക എന്നത്മാവേലിക്കര മണ്ഡലത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളുടെയും ദീർഘകാല ആവശ്യമായിരുന്നു . കേരളത്തിൽ നന്ദികേശ കെട്ടുകാഴ്ചകൾ നടക്കുന്ന പ്രധാന ക്ഷേത്രങ്ങളാണ് നൂറനാട് പടനിലവും ചുനക്കരയും.