p

ആലപ്പുഴ: സർക്കാർ നിർദ്ദേശം മറികടന്ന് പാറയ്ക്കും ക്വാറി ഉത്പന്നങ്ങൾക്കും ഏകപക്ഷീയമായി വില വർദ്ധിപ്പിച്ച് ക്വാറി ഉടമകൾ. ഇതോടെ നിർമ്മാണ മേഖല കടുത്ത പ്രതിസന്ധിയിൽ. എംസാന്റ്, പി-സാന്റ്, മെറ്റൽ, ക്വാറി വേസ്റ്റ് എന്നിവയ്ക്ക് ഒരു ക്യുബിക് അടിക്ക് 3രൂപ മുതൽ അഞ്ചു രൂപവരെയാണ് വർദ്ധിപ്പിച്ചത്. ഒരു ക്യുബിക് അടി പാറയ്ക്ക് 35 രൂപയായിരുന്നു സർക്കാർ വില നിശ്ചയിച്ചത്. ഇത് മറികടന്ന് 40 രൂപയായി ക്വാറി ഉടമകൾ കൂട്ടി.

രണ്ടുപേർ മരിക്കാനിടയായ കോന്നി പാറമട അപകടത്തിനുശേഷം സർക്കാർ നിയന്ത്രണം കടുപ്പിച്ചതോടെ അനധികൃത ക്വാറികളുടെ പ്രവ‌ർത്തനം നിലച്ചിരുന്നു. ഇതോടെയുണ്ടായ പാറക്ഷാമം മുതലെടുത്താണ് വില കൂട്ടിയത്. റോഡുപണി ഉൾപ്പെടെയുള്ള നിർമ്മാണ പ്രവർത്തനങ്ങളെ ഇത് പ്രതികൂലമായി ബാധിക്കും.

മുമ്പ് ലോറികളുടെ ശേഷി അനുസരിച്ച് ക്യുബിക് അടി കണക്കിലായിരുന്നു നിരക്ക്. അടുത്തകാലത്ത് തൂക്കത്തിന്റെ അടിസ്ഥാനത്തിലാക്കി ചില ക്വാറികൾ അമിത നിരക്ക് ഈടാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ വരുത്തിയ വർദ്ധന.

'വില നിയന്ത്രണ

സംവിധാനമില്ല"

വില നിയന്ത്രണത്തിന് യാതൊരു സംവിധാനവുമില്ലാത്ത സ്ഥിതിയാണെന്ന് ഗവ. കോൺട്രാക്ടേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വർഗീസ് കണ്ണമ്പള്ളി. അതുകാരണം ക്വാറി ഉത്പന്നങ്ങൾ തോന്നുന്ന വിലയ്ക്ക് വിൽക്കാം. വില നിയന്ത്രണത്തിന് സർക്കാർ ഇടപെട്ടില്ലെങ്കിൽ നിർമ്മാണ മേഖല കൂടുതൽ പ്രതിസന്ധിയിലാകും.

''ആവശ്യത്തിനനുസരിച്ച് പാറ കിട്ടാനില്ലാത്ത സ്ഥിതിയാണ്. സർക്കാർ ഫീസും പാറ പൊട്ടിക്കുന്നതിന്റെ ചെലവും ജോലിക്കൂലിയും കണക്കാക്കുമ്പോൾ നിരക്ക് വർദ്ധിപ്പിക്കാതെ തരമില്ല.

-ക്വാറി ഉടമ,

പത്തനംതിട്ട