മാവേലിക്കര : സ്കൂളുകൾ പ്രവർത്തിക്കുന്ന കോമ്പൗണ്ടിലെ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുമാറ്റാത്തത് വിദ്യാർത്ഥികൾക്ക് ഭീഷണിയാകുന്നു. മാവേലിക്കര ഗവ.ടി.ടി.ഐ വളപ്പിലെ ഒഴിഞ്ഞകെട്ടിടമാണ് അപകടാവസ്ഥയിലുള്ളത്. ഈ വളപ്പിലെ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി, എൽ.പി, യു.പി ക്ലാസുകളിലായി 72 വിദ്യാർത്ഥികളും രണ്ട് വർഷ ടി.ടി.ഐ ക്ലാസുകളിൽ 80 വിദ്യാർത്ഥികളുമാണുള്ളത്.
മാവേലിക്കര നഗരസഭക്കാണ് ടി.ടി.ഐ അടക്കമുള്ള വിദ്യാലയങ്ങളുടെ പരിപാലനച്ചുമതല. കുരുന്നുകൾ പഠിക്കുന്ന സ്കൂൾ കോമ്പൗണ്ടിലെ അപകടാവസ്ഥയിലുള്ള കെട്ടിടം പൊളിച്ചുമാറ്റണമെന്ന ആവശ്യത്തിന് ഇവിടെ പഠിക്കാനെത്തുന്ന കുരുന്നുകളേക്കാൾ പ്രായമുണ്ട്. മാവേലിക്കര നഗരസഭ കാര്യാലയത്തിന്റെ കണ്ണെത്തും ദൂരത്തായിട്ടും കെട്ടിടം പൊളിച്ചുമാറ്റുന്നതിന് അധികൃതർ തയ്യാറാകാത്തതിനെതിരെ പ്രതിഷേധമുയരുന്നുണ്ട്.
എപ്പോൾ വേണമെങ്കിലും തകർന്നുവീഴാം
ഓടിട്ട മേൽക്കൂര തകർന്നും ഓടുകൾ ഇളകിയും കിടക്കുന്ന അവസ്ഥയിലാണ് കെട്ടിടം
കാലപ്പഴക്കത്താൽ ഉപയോഗിക്കാൻ കഴിയാതായ കെട്ടിടത്തിൽ വർഷങ്ങളായി ക്ലാസുകൾ നടക്കുന്നില്ല
ഇതിനോട് ചേർന്നുള്ള കെട്ടിടത്തിൽ പഠിക്കുന്നത് അങ്കണവാടി തലം മുതലുള്ള കുട്ടികളാണ്
കെട്ടിടത്തിന് സമീപത്തേക്ക് പോകരുതെന്ന് വിദ്യാർത്ഥികൾക്ക് അദ്ധ്യാപകർ നിർദ്ദേശം നൽകിയിട്ടുണ്ട്
ഒരു നൂറ്റാണ്ടിന്റെ ചരിത്രം
മാവേലിക്കര - രണ്ടാംകുറ്റി റോഡിന്റെ ഇരുവശങ്ങളിലുമായി ബുദ്ധ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മാവേലിക്കര ഗവ.ടി.ടി.ഐ 1909ലാണ് സ്ഥാപിതമായത്. യു.പി വിഭാഗവും അങ്കണവാടിയും റോഡിന്റെ കിഴക്ക് ഭാഗത്തുളള കെട്ടിടത്തിലും പ്രീ പ്രൈമറി, എൽ.പി, ടി.ടി.ഐ എന്നിവ റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുളള കെട്ടിടത്തിലുമാണ് പ്രവർത്തിക്കുന്നത്. ഇതിൽ കൊച്ചുകുട്ടികൾ പഠിക്കുന്ന കിഴക്ക് ഭാഗത്താണ് ഏത് സമയവും തകർന്ന് വീഴുന്ന അവസ്ഥയിലുള്ള കെട്ടിടമുള്ളത്.
ഗവ.ടി.ടി.ഐക്ക് പുതിയ കെട്ടിടം നിർമ്മിക്കാൻ കഴിഞ്ഞവർഷം ഒരു കോടി രൂപ അനുവദിച്ചിരുന്നു. അപകടാവസ്ഥയിലുള്ള കെട്ടിടം നഗരസഭ പൊളിച്ചുനീക്കിയാൽ മാത്രമേ പുതിയ കെട്ടിടം നിർമിക്കാൻ കഴിയുകയുള്ളൂ
- എം.എസ്.അരുൺകുമാർ എം.എൽ.എ