ആലപ്പുഴ : കോടതിപ്പാലം നവീകരണം കാരണം കുരുക്കിലായ ആലപ്പുഴ നഗരത്തെ രക്ഷിക്കാൻ നടപടി തുടങ്ങി. നെഹ്രുട്രോഫി വള്ളംകളി, ഓണാഘോഷം എന്നിവയോടെ നഗരം കൂട്ടക്കുരുക്കിലാകുമെന്ന തിരിച്ചറിവിൽ,​ കൊമേഴ്സ്യൽ കനാലിന്റെ ഇരുകരകളിലെയും ഗതാഗതം സുഗമമാക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി,​ കനാലിന്റെ വടക്കേക്കരയിൽ നഗര ചത്വരത്തിന് മുന്നിൽ പബ്ളിക്ക് ലൈബ്രറിവരെയും മിനിസിവിൽ സ്റ്റേഷൻ ഭാഗത്തും റോഡ് ടൈൽ ചെയ്യും. കെ.ആർ.എഫ്.ബിയുടെ നേതൃത്വത്തിൽ ഇതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി.

രണ്ട് വരി ഗതാഗതം സുഗമമാകാൻ ഇവിടെ സ്ഥലപരിമിതി പ്രശ്നമാണ്. അതിനാൽ,​ തകർന്ന റോഡ് ടൈൽ ചെയ്താൽ തന്നെ ഗതാഗതം ഒരു പരിധിവരെ സുഗമമാക്കാൻ കഴിയുമെന്നാണ്

പൊലീസിന്റെ നിഗമനം. കനാൽക്കരകളിൽ നിർമ്മാണത്തിനും ഗതാഗതത്തിനും തടസമായി നിൽക്കുന്ന ഇലക്ട്രിക് പോസ്റ്റുകൾ ഇന്നും നാളെയുമായി നീക്കം ചെയ്യാനാണ് കെ.എസ്.ഇ.ബിയുടെ തീരുമാനം. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ മുല്ലയ്ക്കൽ തെരുവിൽ ഉൾപ്പടെയുള്ള വഴി വാണിഭത്തിന് കർശനമായ നിയന്ത്രണമേർപ്പെടുത്തും.

കനാലിന്റെ തെക്കേക്കരയിൽ ഔട്ട്പോസ്റ്റ് മുതൽ വൈ.എം.സി.എ വരെ നിലവിൽ ചെറുവാഹനങ്ങൾക്ക് ഗതാഗതം അനുവദിച്ചിട്ടുണ്ടെങ്കിലും പൈലിംഗ് ജോലികളും നടക്കുന്നുണ്ട്. നെഹ്രുട്രോഫി വളളം കളിയോടനുബന്ധിച്ച് 29,30 തീയതികളിൽ പൈലിംഗ് നിർത്തി വച്ച്,​ ബാരിക്കേഡുകൾ അൽപ്പം മാറ്റി ഗതാഗതം കുറച്ചുകൂടി ഇവിടെ സൗകര്യപ്രദമാക്കാനും ആലോചനയുണ്ട്.

വള്ളം കളി ദിവസം പുന്നമട, ഔട്ട് പോസ്റ്റ് ഭാഗത്തെ തിരക്ക് കണക്കിലെത്ത് നിർമ്മാണ സ്ഥലം ബാരിക്കേഡ് ഉപയോഗിച്ച് ബന്തവസാക്കി ചെറുവാഹനങ്ങൾ രണ്ടുവരിയായി പോകത്തക്ക വിധം ക്രമീകരണമൊരുക്കാനാണ് ആലോചിക്കുന്നത്. ഓണത്തിരക്ക് കണക്കിലെടുത്ത് സെപ്തംബർ 2 മുതൽ തിരുവോണം വരെയും ഇത്തരത്തിൽ വഹനങ്ങൾ കടത്തിവിടാമെന്നാണ് കരുതുന്നത്.

മത്സ്യകന്യകയുടെ കാര്യം ഇന്ന് അറിയാം

കോടതിപ്പാലത്തിന്റെ പടിഞ്ഞാറുവശം പൈലുകളുടെ നിർമ്മാണം പൂർത്തിയായി വരുന്ന ഭാഗത്തെ മത്സ്യകന്യകയുടെ പ്രതിമ നീക്കുന്ന കാര്യത്തിൽ ജില്ലാ വികസന സമിതിയോഗത്തിൽ ഇന്ന് തീരുമാനമായേക്കും

മത്സ്യകന്യകയുടെ പ്രതിമ നീക്കം ചെയ്യാൻ കരാർ കമ്പനി സമർപ്പിച്ച ക്വട്ടേഷൻ കിഫ്ബിയുടെ പരിഗണനയിലാണ്. ഇതിൽ തീരുമാനം വൈകുന്നത് പ്രതിമ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പൈലുകളുടെ നിർമ്മാണം തടസപ്പെടുത്തുന്ന സാഹചര്യമുണ്ട്

ഇവിടത്തെ രണ്ട് പൈലുകളുടെ നിർമ്മാണം കൂടി കഴിഞ്ഞാൽ മാത്രമേ വടക്കേക്കരയിലെ റിഗ് തെക്കേക്കരയിലേക്ക് മാറ്റാനാകൂ

 പൈലിംഗ് പൂർത്തിയായ എസ്.ഡി.വി സ്കൂളിന് സമീപത്തെ കരയിൽ പിയറുകളുടെ നിർമ്മാണവും കനാലിന്റെ വശങ്ങളിൽ റീട്ടെയ്നിംഗ് വാളിന്റെ നിർമ്മാണവും തുടങ്ങേണ്ടതുണ്ട്