ആലപ്പുഴ: സുരക്ഷിത ജല ലഭ്യതയും ജലജന്യ രോഗപ്രതിരോധവും ലക്ഷ്യമിട്ട് ഹരിതകേരളം മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ജലമാണ് ജീവനെന്ന പേരിൽ ജനകീയ തീവ്ര കർമ്മപരിപാടി സംഘടിപ്പിക്കും. ആദ്യഘട്ടമായി 30, 31 തീയതികളിൽ സംസ്ഥാനത്തെ എല്ലാ കിണറുകളിലും ക്ലോറിനേഷൻ നടത്തും. സെപ്റ്റംബർ എട്ട് മുതൽ 30 വരെ സ്കൂളുകൾ വഴി ബോധവൽക്കരണവും ജല പരിശോധനയും പരിഹാര പ്രവർത്തനങ്ങളും നടക്കും. തുടർന്ന് സെപ്റ്റംബർ 20 മുതൽ നവംബർ ഒന്ന് വരെ കുളങ്ങളുടെയും ജലസ്രോതസുകളുടെയും ശുചീകരണം നടക്കും. ആശാ പ്രവർത്തകർ, അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ, ഹരിതകർമ്മസേന, തൊഴിലുറപ്പ് തൊഴിലാളികൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ ചേർന്നാണ് ക്യാമ്പയിൻ നടപ്പാക്കുന്നത്. ബ്ലീച്ചിംഗ് പൗഡർ,​ ക്ലോറിൻ ഗുളികകൾ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ലഭ്യമാക്കും.