ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ വോട്ടർ പട്ടികയിൽ കൃത്രിമം നടത്താൻ വ്യാജ പരാതി നൽകി നിലവിലെ വോട്ടർമാരെ കൂട്ടമായി ഒഴിവാക്കാൻ ശ്രമം നടത്തുന്നതായി ആലപ്പുഴ നോർത്ത് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.എ. സാബു, ഡി.സി.സി. ജനറൽ സെക്രട്ടറി ജി. സഞ്ജീവ് ഭട്ട് എന്നിവർ ആരോപിച്ചു. ജോലി കാര്യത്തിന് വേണ്ടി മറ്റ് സംസ്ഥാനങ്ങളിലും വിവിധ ജില്ലകളിലും പോയിട്ടുള്ളവരെ സ്ഥലത്തില്ലെന്ന രീതിയിൽ വ്യാജ പരാതി നൽകി വോട്ടർ പട്ടികയിൽനിന്ന് ഒഴിവാക്കുവാനുള്ള ശ്രമമാണ് നടക്കുന്നത്. ഇതിന്റെ പേരിൽ ജോലിക്ക് പോയിരിക്കുന്നവർ നേരിട്ട് ഹിയറിംഗിന് ഹാജരാവാൻ നോട്ടിസ് നൽകുന്നു. ഹാജരായില്ലങ്കിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുവാൻ നോട്ടീസ് നൽകുകയാണ് ചെയ്യുന്നത്. ഓൺലൈൻ ഹിയറിംഗിലൂടെ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ അവസരം നൽകാൻ നിയമം നിലൽക്കെ ഇവരെ ഒഴിവാക്കാന വ്യാജ പരാതി നൽകുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് വിരുദ്ധമാണ്. വ്യാജ പരാതി നൽകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു.