ആലപ്പുഴ: സ്പോർട്‌സാണ് ലഹരി എന്ന സന്ദേശമുയർത്തി അത്‌ലറ്റിക്കോഡി ആലപ്പിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബീച്ച് മാരത്തോൺ 5000ത്തോളം പേർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പങ്കെടുക്കുന്നവർക്കെല്ലാം മെഡലുകൾ നൽകും. വിജയികൾക്ക് ഒരു ലക്ഷം രൂപ സമ്മാനമായി നൽകും. കഴിഞ്ഞ വർഷം അഞ്ച് കിലോമീറ്റർ മത്സരത്തിൽ പങ്കെടുത്ത 92കാരനായ കഞ്ഞിക്കുഴി സ്വദേശി റിട്ട.അദ്ധ്യാപകൻ ശങ്കുണ്ണി ഇപ്രാവശ്യം 10 കിലോമീറ്ററിലാണ് മത്സരിക്കുന്നത്. മത്സരത്തിലെ ഏറ്റവും മുതിർന്ന അംഗമാണ് അദ്ദേഹം. ജേഴ്‌സിയുടെ പ്രകാശനം പ്രസിഡന്റ് കുര്യൻ ജെയിംസ്,​ പതിനൊന്നാം കേരള ബറ്റാലിയൻ കമാൻഡിംഗ് ഓഫീസർ ജെ.കെ. ജോസഫിന് നൽകി പ്രകാശനം ചെയ്തു. ബീച്ച് റണ്ണിന്റെ പ്രചരണാത്ഥം ഇന്ന് എൽ.കെ.ജി മുതൽ നാലാംക്ലാസ് വരെയുള്ള വിദ്യാത്ഥികൾക്കായി കൃഷ്ണ ട്രസ്റ്റ് സംഘടിപ്പിക്കുന്ന ചിത്രരചന നിറചാർത്ത് മത്സരം വൈ.എം.സി.എ. ഹാളിൽ രാവിലെ 9.30ന് നടക്കും. എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബീച്ച് റണ്ണിന് പേര് രജിസ്റ്റർ ചെയ്തവർക്ക് ഉച്ചയ്ക്ക് രണ്ടുമണി മുതൽ ജേഴ്‌സികൾ ഏറ്റുവാങ്ങാം. ബീച്ചിൽ ഉല്ലാസ യാത്രക്കായി എത്തുന്നവർക്ക് 24 വരെ രജിസ്റ്റർ ചെയ്യാം. ചടങ്ങിൽ ദീപക് ദിനേഷ്, ഡോ. എസ്. രൂപേഷ്, സജി തോമസ്, കെ. നാസർ, പ്രജീഷ് ദേവസ്യ, അഖിൽ തോമസ് ജോസഫ് എന്നിവർ സംസാരിച്ചു.